'എന്ത് നീതി? സൂക്ഷ്മമായി തയ്യാറാക്കിയ തിരക്കഥ അതിക്രൂരമായി തുറക്കപ്പെട്ടു'; ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ പ്രതികരിച്ച് പാർവതി; അവള്‍ക്കൊപ്പമെന്ന് രമ്യ നമ്പീശനും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ ഗൂഢാലോചനാ കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടെത്തി കോടതി കുറ്റവിമുക്തനാക്കിയ വിധിയിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. ഇത് സൂക്ഷ്മമായി തയ്യാറാക്കിയ തിരക്കഥയാണെന്ന് പാർവതി ആരോപിച്ചപ്പോൾ, തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്ന് വിധിക്ക് പിന്നാലെ ദിലീപ് പ്രതികരിച്ചു.
'എന്ത് നീതി? സൂക്ഷ്മമായി തയ്യാറാക്കിയ തിരക്കഥ അതിക്രൂരമായി തുറക്കപ്പെടുന്നതാണ് നമ്മളിപ്പോള്‍ കാണുന്നതെന്നാണ് പാർവതി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. അതിജീവിതയ്ക്ക് എന്നും ഒപ്പമുണ്ടാകുമെന്നും അവർ പ്രഖ്യാപിച്ചു.' നടി രമ്യ നമ്പീശനും റിമ കല്ലിങ്കലും അതിജീവിതയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. 'അവൾക്കൊപ്പം' എന്നെഴുതിയ ചിത്രമാണ് രമ്യ പങ്കുവെച്ചത്. എപ്പോഴും, മുമ്പത്തേക്കാളും ശക്തിയോടെ ഇപ്പോഴും എന്നാണ് റിമ കുറിച്ചത്. കേസിന്റെ തുടക്കം മുതൽ അതിജീവിതയ്ക്ക് ശക്തമായ പിന്തുണ നൽകിയവരാണ് ഈ മൂന്ന് നടിമാരും.
എന്നാൽ, വിധിയെ സ്വാഗതം ചെയ്ത ദിലീപ്, തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നും കരിയർ നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും ആരോപിച്ചു. പോലീസ് കള്ളക്കഥ മെനയുകയായിരുന്നുവെന്നും ഈ വിധിയോടെ അത് പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഈ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ പറഞ്ഞിടത്തുനിന്നാണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചതെന്നും ദിലീപ് കൂട്ടിച്ചേർത്തു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസാണ് വിധി പ്രസ്താവിച്ചത്. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജേഷ്, അഞ്ചാം പ്രതി എച്ച്. സലീം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയവർ. അതേസമയം, ദിലീപിനൊപ്പം ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനൽകുമാർ, പത്താം പ്രതി ശരത് ജി. നായർ എന്നിവരെയും കോടതി വെറുതെ വിട്ടു.
കുറ്റക്കാരായ പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 12-ന് വിധിക്കും. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ട് വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്.
