അമൃതകീര്‍ത്തി പുരസ്‌ക്കാരം പി ആര്‍ നാഥന്; മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ ദിനത്തില്‍ അമൃതപുരിയില്‍ വച്ച് പുരസ്‌കാരദാനം

അമൃതകീര്‍ത്തി പുരസ്‌ക്കാരം പി ആര്‍ നാഥന്

Update: 2025-09-20 11:43 GMT

കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകാരനും തിരക്കഥാകൃത്തും പ്രഭാഷകനുമായ പി ആര്‍ നാഥന്‍ അര്‍ഹനായി. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത സരസ്വതീ ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, നാടകകൃത്ത്, ചെറുകഥാകൃത്ത്, യാത്രാവിവരണ എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് പി ആര്‍ നാഥന്‍.

മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപത്തിരണ്ടാം പിറന്നാള്‍ ദിനമായ സെപ്തംബര്‍ 27ന് കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠം ക്യാംപസില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ആധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭര്‍ക്ക് 2001 മുതല്‍ അമൃതകീര്‍ത്തി പുരസ്‌ക്കാരം നല്‍കിവരുന്നു. സ്വാമി അമൃതസ്വരൂപാനന്ദ പുരി അദ്ധ്യക്ഷനും ഡോ. കെ. എസ്. രാധാകൃഷ്ണന്‍, ഡോ. എം. ലക്ഷ്മീകുമാരി, ശ്രീ പി. നാരായണക്കുറുപ്പ്, സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മറ്റിയാണ് പുരസ്‌ക്കാരനിര്‍ണ്ണയം നടത്തിയത്.

തത്വചിന്താപരമായ രചനകളിലൂടെ മലയാള സാഹിത്യത്തെ ദാര്‍ശനിക തലത്തിലേക്ക് ഉയര്‍ത്തിയ കഥാകാരനാണ് പി ആര്‍ നാഥനെന്നും എഴുത്തില്‍ നന്മയും സ്‌നേഹവും മാത്രമാണ് അദ്ദേഹം ഇതിവൃത്തമാക്കിയത് എന്നും ആ സന്ദേശത്തിനാണ് പുരസ്‌കാരമെന്നും മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റി സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു. പ്രഭാഷണങ്ങളിലൂടെ പ്രായോഗിക ജീവിതത്തിന്റെ ദാര്‍ശനിക വീക്ഷണത്തെ പരിചയപ്പെടുത്തുന്നതില്‍ പി ആര്‍ നാഥന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. 21 നോവലുകളും അഞ്ഞൂറില്‍ അധികം ചെറുകഥകളും വിവിധ വിഭാഗങ്ങളിലായി 55 ലധികം പുസ്തകങ്ങളും സിനിമ-നാടക രചനകളും എഴുതിയ പി ആര്‍ നാഥന് സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

Tags:    

Similar News