തലയിലും നെറ്റിയിലും വെട്ടി പരിക്കേൽപ്പിച്ചു; രക്തത്തിൽ കുളിച്ച് ഓടി കയറിയത് അയൽവാസിയുടെ വീട്ടിൽ; നോർത്ത് പറവൂരിൽ ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അനുജൻ അറസ്റ്റിൽ
പറവൂർ: സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അനുജൻ അറസ്റ്റിൽ. എറണാകുളം നോർത്ത് പറവൂർ കോട്ടുവള്ളിക്ക് സമീപം സഹോദരൻ സജീഷിനെയാണ് അനുജൻ സജിത്ത് വാക്കത്തി ഉപയോഗിച്ച് തലയിലും നെറ്റിയിലും വെട്ടി പരിക്കേൽപ്പിച്ചത്. ചെവിക്ക് ഗുരുതരമായി മുറിവേറ്റതായാണ് വിവരം.
തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. ഇരുവരും കോട്ടുവള്ളിക്ക് സമീപമാണ് താമസിച്ചിരുന്നത്. അടുത്തിടെ മാതാപിതാക്കളും മുത്തശ്ശിയും മരിച്ചതോടെയാണ് ഇവർ സഹോദരങ്ങൾ മാത്രമായത്. വെട്ടേറ്റ സജീഷ് രക്തത്തിൽ കുളിച്ച് തൊട്ടടുത്ത ബന്ധുകൂടിയായ അയൽവാസിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെ സജിത്തും ആ വീട്ടിലേക്ക് എത്തുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാർ ചേർന്ന് സജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയായ സജിത്തിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രാഥമിക വിവരം. മുമ്പ് ഇവർക്കിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നെങ്കിലും ആദ്യമായാണ് ഇത്തരത്തിലുള്ള ആക്രമണത്തിലേക്ക് കാര്യങ്ങളെത്തുന്നത്. സംഭവത്തിൽ പ്രതി സജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്.