ജിഎസ്ടി കണക്കുകള്‍ ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഗുരുവായൂരിലെ ലോഡ്ജ് ഉടമയില്‍ നിന്നും 13 ലക്ഷം തട്ടി; പ്രതി തമിഴ്‌നാട്ടില്‍ നിന്നും പിടിയില്‍

ലോഡ്ജ് ഉടമയില്‍ നിന്നും 13 ലക്ഷം തട്ടി; പ്രതി തമിഴ്‌നാട്ടില്‍ നിന്നും പിടിയില്‍

Update: 2026-02-14 02:02 GMT

തൃശൂര്‍: ജിഎസ്ടി കണക്കുകള്‍ ശരിയാക്കി നല്‍കാാമെന്ന് വാഗ്ദാനം ചെയ്ത് ഗുരുവായൂരിലെ ലോഡ്ജ് ഉടമയില്‍ നിന്നും 13 ലക്ഷം തട്ടിയ കേസിലെ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും പോലിസ് പിടികൂടി. പടിഞ്ഞാറേ നടയിലെ സത്യാ ഇന്‍ എന്ന ലോഡ്ജിന്റെ ഉടമയായ സ്ത്രീയെ കബളിപ്പിച്ചാണ് പണം തട്ടിയത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജിഎസ്ടി കണക്കുകള്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പ്രതി നീലകണ്ഠന്‍ മൂസതിനെ (56)യാണ് കോയമ്പത്തൂരില്‍ നിന്നും ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തു.

13,65,000 രൂപയാണ് ഇയാള്‍ കബളിപ്പിച്ച് തട്ടിയെടുത്തത്. കഴിഞ്ഞ വര്‍ഷമാണ് തട്ടിപ്പ് നടന്നത്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതി പല സിമ്മുകള്‍ മാറി മാറി ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ബികോം ബിരുദധാരിയായ പ്രതി ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റെന്ന വ്യാജേന ലക്ഷ്വറി ഹോട്ടലുകളില്‍ റൂമെടുത്ത് താമസിച്ചാണ് തട്ടിപ്പുനടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.

തൃശൂര്‍ സിറ്റി ജില്ലാ പൊലീസ് മേധാവി നകുല്‍ രാജേന്ദ്ര ദേശ്മുഖിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം. പ്രതിയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂര്‍ ഭാഗത്തുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് ടെമ്പിള്‍ പൊലീസ് സംഘം ചെന്നൈ, പേരാനെല്ലൂര്‍, കോയമ്പത്തൂര്‍, കോയമ്പേട്, ട്രിച്ചി തുടങ്ങിയ മേഖലകളില്‍ തിരച്ചില്‍ നടത്തി. പിന്നീട് കോയമ്പത്തൂര്‍ സിങ്കനെല്ലൂര്‍ കണ്ണന്‍ നഗറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

പ്രതിക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടെന്നും പോലീസ് പറയുന്നു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി അജയകുമാറിനോടൊപ്പം എ എസ് ഐമാരായ വിനയന്‍ , ജയചന്ദ്രന്‍, എസ്.സി.പി.ഒ മാരായ സതീഷ് കുമാര്‍, ഗഗേഷ് അമ്പലപ്പറമ്പില്‍ എന്നിവരുമുണ്ടായിരുന്നു.

Tags:    

Similar News