വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ചു; കുറത്തികാടുകാരൻ ഷിബു തോമസിന് 17 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി
ചെങ്ങന്നൂർ: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാവേലിക്കര തെക്കേക്കര കുറത്തികാട് കുന്നേത്ത് വീട്ടിൽ ഷിബു തോമസിനെയാണ് (36) ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ആർ. സുരേഷ് കുമാർ ശിക്ഷിച്ചത്. നൂറനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നിർണ്ണായക വിധി.
2020 മാർച്ച് 20-നും ഏപ്രിൽ ഏഴിനും ഇടയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിഴത്തുക അടയ്ക്കാത്ത പക്ഷം പ്രതി അധിക തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
നൂറനാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.ആർ. ജഗദീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ കോടതിയിൽ ഹാജരായി. എസ്.ഐ. നിസ്സാം, എ.എസ്.ഐ. ദീപ ടി.ആർ, സി.പി.ഒ. മനു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.