വരാനിരിക്കുന്ന വര്‍ഷങ്ങള്‍ കേരളത്തിന് കൂടുതല്‍ സാധ്യതകളുടേത്; വരാനിരിക്കുന്നത് കേരളത്തിന്റെ വികസനത്തുടര്‍ച്ച തീരുമാനിക്കുന്ന സാമൂഹിക തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി
മലപ്പുറം: കേരളം കൈവരിച്ച വികസന മുന്നേറ്റങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണോ അതോ അതിന് ഇടവേള വേണോ എന്ന് തീരുമാനിക്കുന്ന സാമൂഹിക തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം തിരൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കേവലം രാഷ്ട്രീയ വിഷയം മാത്രമല്ലെന്നും സമഗ്ര വികസനവും സാമൂഹിക നീതിയും ഉറപ്പാക്കുന്ന കേരളത്തിനായുള്ള ചുവടുവെപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് കേരളം കൈവരിച്ച മാറ്റങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളുടെ ഫലമാണ്. പ്രഖ്യാപനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കിയ ശൈലിയാണ് സര്‍ക്കാരിന്റേത്. അടിസ്ഥാന സൗകര്യ വികസനത്തിലെ മുരടിപ്പ് മാറ്റി ദേശീയപാത, തുറമുഖം, ഐടി, വ്യാവസായിക മേഖലകളില്‍ കേരളം പുതിയ സാമ്പത്തിക ഘട്ടത്തിലേക്ക് കടന്നു. ഇത് കണക്കുകളില്‍ മാത്രമല്ല, ജനങ്ങളുടെ ജീവിതത്തിലും പ്രകടമാണ്.
വികസന കുതിപ്പ് ജനക്ഷേമത്തെ തള്ളിക്കളഞ്ഞല്ല മുന്നേറുന്നത്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹിക സുരക്ഷാ പദ്ധതികള്‍ എന്നിവയിലൂടെ എല്ലാ വിഭാഗങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കി. വികസനവും ക്ഷേമവും പരസ്പര പൂരകങ്ങളാണെന്ന് കേരളം ലോകത്തിന് തെളിയിച്ചു കൊടുത്തു. കേരളം ഇന്ന് നിക്ഷേപസൗഹൃദ സംസ്ഥാനമാണ്. ലോകോത്തര അവസരങ്ങള്‍ സ്വന്തം നാട്ടില്‍ തന്നെ സൃഷ്ടിക്കപ്പെടുന്ന ഘട്ടത്തിലേക്കാണ് യുവതലമുറ മാറുന്നത്. പുതിയ സാങ്കേതികവിദ്യകളും സ്റ്റാര്‍ട്ടപ്പ് സാധ്യതകളും ഇതിന്റെ ഭാഗമാണ്. യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകുന്ന ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്.
വരാനിരിക്കുന്ന വര്‍ഷങ്ങള്‍ കേരളത്തിന് കൂടുതല്‍ സാധ്യതകളുടേതാണ്. ഈ മുന്നേറ്റം നിലനിര്‍ത്താന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയും ഭരണത്തില്‍ സ്ഥിരതയും ആവശ്യമാണ്. ദീര്‍ഘകാല പദ്ധതികള്‍ പൂര്‍ത്തിയാക്കാനും നിക്ഷേപകരുടെ വിശ്വാസം കാത്തുസൂക്ഷിക്കാനും എല്‍ഡിഎഫ് ഭരണ തുടര്‍ച്ച നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
