എം.ടിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; മകള്‍ അശ്വതി കോടതിയില്‍ മൊഴി നല്‍കി

എം.ടി.യെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി; മകൾ കോടതിയിൽ മൊഴി നൽകി

Update: 2026-03-29 03:20 GMT

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പുസ്തകം പ്രസിദ്ധീകരിച്ചെന്ന പരാതിയില്‍ എം.ടി.യുടെ മകള്‍ അശ്വതി വി. നായരുടെ മൊഴി കോടതി രേഖപ്പെടുത്തി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (നാല്) ദിവ്യ നടേശനാണ് അശ്വതിയുടെ മൊഴി രേഖപ്പെടുത്തിയത്.

തുടര്‍നടപടികള്‍ക്കായി ഹര്‍ജിയിന്‍മേലുള്ള നടപടികള്‍ മേയ് രണ്ടിലേക്ക് മാറ്റി. അന്ന് എഴുത്തുകാരുടെയും സാംസ്‌കാരികപ്രവര്‍ത്തകരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് അശ്വതിയുടെ അഭിഭാഷകന്‍ എം.എസ്. സജി പറഞ്ഞു. പുസ്തകം പിന്‍വലിക്കണമെന്നും എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കുമെതിരേ നടപടിവേണമെന്നും ആവശ്യപ്പെട്ടാണ് അശ്വതി ഹര്‍ജി നല്‍കിയത്. ദീദി ദാമോദരന്‍, എച്ച്മുക്കുട്ടി എന്നിവര്‍ചേര്‍ന്ന് എഴുതുകയും ബുക്ക് വേം പ്രസിദ്ധീകരിക്കുകയും ചെയ്ത 'എംറ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്തകവുമായി ബന്ധപ്പെട്ടാണ് പരാതി.

കുടുംബത്തിന്റെ അനുമതിയില്ലാതെ എഴുതിയ പുസ്തകം എം.ടി.യെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും പുസ്തകം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എം.ടിയുടെ മകള്‍ സിത്താര ഗിമ്രെ സമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇതിനുശേഷവും പുസ്തകം പിന്‍വലിക്കാത്തതിനാലാണ് കുടുംബം കോടതിയെ സമീപിച്ചത്.

Tags:    

Similar News