പരാതിയുമായി വന്നിട്ടും മൊഴിയെടുക്കാതെ മണിക്കൂറുകളോളം കാത്തുനിർത്തി; പീഡനത്തിനിരയായ പെൺകുട്ടിയോട് പോലീസ് മോശമായി പെരുമാറിയെന്ന് ആരോപണം; പിന്നാലെ കുഴഞ്ഞുവീണു
കൽപ്പറ്റ: വയനാട് അമ്പലവയലിൽ പീഡനത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടും പോലീസ് മോശമായി പെരുമാറിയതായി ഗുരുതര ആരോപണം. പീഡന പരാതിയുമായി സ്റ്റേഷനിലെത്തിയ 23-കാരിയെ മണിക്കൂറുകളോളം കാത്തുനിർത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് കുടുംബം പരാതിപ്പെടുന്നത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് യുവതി സ്റ്റേഷനിൽ കുഴഞ്ഞുവീണു.
ജോലി ചെയ്തിരുന്ന വീട്ടിൽ വെച്ച് പീഡനത്തിനിരയായ യുവതി കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് പരാതിയുമായി അമ്പലവയൽ പോലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ, ഉടനടി മൊഴി രേഖപ്പെടുത്താനോ ആവശ്യമായ സഹായം നൽകാനോ പോലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. രാത്രി മുഴുവൻ മൊഴിയെടുക്കാതെ പെൺകുട്ടിയെ കാത്തുനിർത്തുകയും പുരുഷ പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു.
തുടർന്ന് ആരോഗ്യനില വഷളായ യുവതി സ്റ്റേഷനിൽ വെച്ച് ബോധരഹിതയായി വീഴുകയായിരുന്നു. രാത്രിയിൽ പെൺകുട്ടിയെ പോലീസ് ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും, ഇന്ന് രാവിലെ കുടുംബാംഗങ്ങൾ എത്തി സംസാരിച്ചപ്പോഴാണ് ക്രൂരമായ പീഡനവിവരം പുറംലോകം അറിയുന്നത്.