പഴയ ഷൂസിനുള്ളിൽ ഒളിപ്പിച്ച് കൊറിയർ വഴി എംഡിഎംഎ കടത്ത്; കണ്ണരിൽ രണ്ട് യുവാക്കൾ പിടിയിൽ; ലഹരി ശൃംഖലയിലെ പ്രധാനികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

Update: 2026-03-28 06:56 GMT

ആലക്കോട്: കണ്ണൂരിൽ കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ടു യുവാക്കളെ ആലക്കോട് പോലീസ് പിടികൂടി. ആലക്കോട് പാലത്തിന് സമീപം മറ്റപ്പള്ളിൽ എം.കെ. അദ്വൈത് (21), പാത്തൻപാറ പാറെമൊട്ട ചുള്ളിയിൽ അഖിൽ ജ്യോതീഷ് (26) എന്നിവരെയാണ് വ്യാഴാഴ്ച വൈകുന്നേരം പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ നിന്ന് അയച്ച പാഴ്സലിലെ പഴയ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയും തളിപ്പറമ്പ് ഡിവൈഎസ്പിയും നൽകിയ ജാഗ്രതാ നിർദ്ദേശത്തെത്തുടർന്ന് ടൗണും പരിസരവും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് കൊറിയർ വഴി എത്തിയ മയക്കുമരുന്ന് പാഴ്സൽ സംഘം കൈപ്പറ്റാനെത്തിയത്.

ആലക്കോട് പോലീസ് ഇൻസ്പെക്ടർ കെ. രാജീവന്റെ മേൽനോട്ടത്തിൽ എസ്ഐ കെ. പ്രവീൺ, എഎസ്ഐമാരായ മുനീർ, ഹരിപ്രസാദ്, സിവിൽ പോലീസ് ഓഫീസർമാരായ ജാബിർ, അഷറഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്. ലഹരി മരുന്ന് ശൃംഖലയിലെ പ്രധാനികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Tags:    

Similar News