എടയാറിലെ തീപിടിത്തം: ലൂബ്രിക്കന്റ്‌സ് പ്ലാന്റില്‍ സുരക്ഷാവീഴ്ച; അടച്ചിടാന്‍ നിര്‍ദേശിച്ച പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചു, കേസെടുക്കാന്‍ സാധ്യത

Update: 2026-03-28 06:22 GMT

കൊച്ചി: കളമശേരി എടയാറിലെ സിജി ലൂബ്രിക്കന്റ്‌സ് പ്ലാന്റിലുണ്ടായ വന്‍ തീപിടിത്തത്തിന് പിന്നില്‍ ഗുരുതരമായ സുരക്ഷാവീഴ്ചയെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്‌സ് വകുപ്പിന്റെ കണ്ടെത്തല്‍. പ്ലാന്റുകളില്‍ വര്‍ഷംതോറും നടത്തേണ്ട കോയില്‍ ടെസ്റ്റിംഗ് നടത്താത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച പ്ലാന്റിനെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ക്ക് അധികൃതര്‍ നീക്കം തുടങ്ങി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26-ന് തന്നെ കോയില്‍ ടെസ്റ്റിംഗ് നടത്തണമെന്ന് കാട്ടി ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്‌സ് വകുപ്പ് പ്ലാന്റിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് മാസം പിന്നിട്ടിട്ടും പരിശോധന നടത്താന്‍ സിജി ലൂബ്രിക്കന്റ്‌സ് അധികൃതര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് പ്ലാന്റിന് പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും സ്ഥാപനം അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നതാണ്. ഈ നിര്‍ദേശങ്ങള്‍ മറികടന്നാണ് പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ പ്ലാന്റിലെ തൊഴിലാളിയായ ബിഹാര്‍ സ്വദേശി വെന്തുമരിച്ചിരുന്നു. പ്ലാന്റിലുണ്ടായിരുന്ന ഓയിലിലേക്കും മറ്റ് രാസവസ്തുക്കളിലേക്കും തീ പടര്‍ന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടി. കോയില്‍ ടെസ്റ്റിംഗ് നടത്താത്തതിനാല്‍ ബോയ്ലര്‍ ഭാഗത്തുണ്ടായ തകരാറാകാം തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സ്ഥാപന ഉടമകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എടയാറിലെ വ്യവസായ ശാലകളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.

Similar News