മണ്ണുമാഫിയയ്ക്ക് 'കാക്കിയുടെ' തണല്‍: ലോറി വിട്ടുനല്‍കാന്‍ എസ്.ഐയുടെ സമ്മര്‍ദം

Update: 2026-03-28 03:45 GMT

കട്ടപ്പന: നിയമവിരുദ്ധമായി മണ്ണുകടത്തിയ വാഹനം പിടികൂടിയ സംഭവത്തില്‍ മണ്ണുമാഫിയയെ സഹായിക്കാന്‍ മറുസ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ രംഗത്ത്. കട്ടപ്പനയില്‍ പൊലീസ് പിടികൂടിയ ലോറി വിട്ടുനല്‍കാനാണ് അയല്‍ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ വഴിവിട്ട ഇടപെടല്‍ നടത്തിയത്.

പിടിയിലായ വാഹനം മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് കൈമാറി ലക്ഷങ്ങള്‍ പിഴയീടാക്കാനിരിക്കെ, കേവലം പെറ്റിയടിച്ച് വാഹനം മോചിപ്പിക്കാനാണ് ഈ ഉദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തിയത്.മേഖലയിലെ മണ്ണ്-കരിങ്കല്‍ മാഫിയാ സംഘങ്ങളുമായി ഈ ഉദ്യോഗസ്ഥന് അടുത്ത ബന്ധമാണുള്ളതെന്ന് ആക്ഷേപം ശക്തമാണ്.

ജിയോളജി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയാല്‍ കനത്ത തുക പിഴയൊടുക്കേണ്ടി വരുമെന്നതിനാലാണ് ഉദ്യോഗസ്ഥന്‍ വഴിവിട്ട സ്വാധീനം ഉപയോഗിച്ചത്. നിയമലംഘകര്‍ക്ക് കൂട്ടുനില്‍ക്കുന്ന ഇത്തരം ഉദ്യോഗസ്ഥരുടെ നടപടി സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുകയാണ്.

ഖജനാവിന് ലഭിക്കേണ്ട വലിയൊരു തുക നഷ്ടപ്പെടുത്തിക്കൊണ്ട് മാഫിയാ സംഘങ്ങള്‍ക്ക് കുടപിടിക്കുന്ന ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Similar News