മദ്യപാനത്തിനിടെ തർക്കം; കത്രിക കൊണ്ട് കുത്തിയത് എട്ടുതവണ; ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ കൊന്നത് സഹപ്രവർത്തകൻ; പ്രതിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊക്കി പോലീസ്
ഏലപ്പാറ: ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ സഹപ്രവർത്തകൻ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോതമംഗലം സ്വദേശി മനുവാണ് (42) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാൾക്കൊപ്പം താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശി സൈഫുദ്ദീൻ മണ്ഡലിനെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന് പിന്നാലെ നാടുവിടാൻ ശ്രമിച്ച പ്രതിയെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെയാണ് മനുവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിലെ മുറിവുകൾ കണ്ടതോടെ പൊലീസ് നടത്തിയ അന്വേഷണം ഒപ്പം താമസിച്ചിരുന്ന സൈഫുദ്ദീനിലേക്ക് നീളുകയായിരുന്നു. സംഭവദിവസം രാത്രി ഇരുവരും ഒപ്പമിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രകോപിതനായ സൈഫുദ്ദീൻ കത്രിക ഉപയോഗിച്ച് മനുവിനെ എട്ടുതവണ പുറത്ത് കുത്തി. പരിക്കേറ്റു വീണ മനുവിനെ ക്രൂരമായി ചവിട്ടുകയും ചെയ്തു. പുറത്തേറ്റ ആഴത്തിലുള്ള മുറിവുകളും മുഖത്തേറ്റ പരിക്കുമാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പീരുമേട് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. പോസ്റ്റ്മോർട്ടത്തിന് ശേഷം മനുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.