വിഷം ഉള്ളിൽച്ചെന്ന 25കാരന്റെ ജീവൻ രക്ഷിക്കാൻ പാഞ്ഞ ആംബുലൻസ്; ബൈക്ക് യാത്രക്കാരെ രക്ഷിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞു; യുവാവിന്റെ മാതാവിന് ദാരുണാന്ത്യം

Update: 2026-03-28 05:31 GMT

പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ മകനുമായി ആശുപത്രിയിലേക്ക് അതിവേഗം പാഞ്ഞ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് മാതാവ് മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ കാടാങ്കോട് ജങ്ഷനു സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം. ആംബുലൻസിലുണ്ടായിരുന്ന മകൻ മഫ്ലു (25), ബന്ധുക്കളായ റഹീം, റഹ്‌മത്ത്, നഴ്‌സ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഷം ഉള്ളിൽച്ചെന്ന നിലയിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മഫ്ലുവിനെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാടാങ്കോട് ജങ്ഷനിലെ വളവിൽ എതിരെ വന്ന ബൈക്ക് അതേ ദിശയിലുണ്ടായിരുന്ന ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞു. വീണുകിടന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ആംബുലൻസ് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് ഉപകരണങ്ങൾ നന്നാക്കുന്ന കടയുടെ ചുമരിലിടിച്ച് മറിയുകയായിരുന്നു. കടയിലുണ്ടായിരുന്ന മൂന്നുപേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

അപകടം നടന്നയുടൻ നാട്ടുകാരും ടൗൺ സൗത്ത് പോലീസും ചേർന്ന് പരിക്കേറ്റവരെ പുറത്തെടുത്തു. ഈ സമയം ഇതേ ദിശയിൽ വന്ന മറ്റൊരു ആംബുലൻസിലാണ് ഇവരെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കും ജോറാമ്മ മരിച്ചിരുന്നു. അപകടത്തെത്തുടർന്ന് അഞ്ചര വരെ ഈ റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് ആംബുലൻസ് മാറ്റിയത്.

പള്ളിയിൽ പ്രാർഥന കഴിഞ്ഞ് മടങ്ങുമ്പോഴാണ് മകൻ വിഷം കഴിച്ച വിവരം പിതാവ് മുഹമ്മദ് ഹനീഫ അറിയുന്നത്. ഉടൻ ചിറ്റൂരിലേക്ക് തിരിച്ചെങ്കിലും അപ്പോഴേക്കും മകനെയും കൊണ്ട് ആംബുലൻസ് പാലക്കാട്ടേക്ക് തിരിച്ചിരുന്നു. ഇതിനിടയിലാണ് വാഹനം അപകടത്തിൽപ്പെട്ട വാർത്ത എത്തുന്നത്. ഹസീനയാണ് ജോറാമ്മയുടെ മകൾ. പരേതരായ മുത്തുറാവുത്തർ-ആയിഷാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഉസനാർ, സൈനബ, സൗറ, പെട്ട, മെഹബൂബ്, പരേതരായ മണി റാവുത്തർ, യൂസഫ് റാവുത്തർ.

Tags:    

Similar News