പരീക്ഷാക്കാലത്തെ ഉച്ചഭാഷിണി പ്രയോഗം: കര്‍ശന നടപടിക്ക് എ.ഡി.ജി.പിയുടെ നിര്‍ദ്ദേശം; 'സൈലന്‍സ് ദ നോയ്സ്' പരാതിയില്‍ പോലീസ് ഇടപെടല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വാര്‍ഷിക പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള ശബ്ദമലിനീകരണത്തിനെതിരെ കര്‍ശന നടപടിയുമായി പോലീസ്. എസ്സെന്‍സ് ഗ്ലോബലിന്റെ (esSENSE Global) 'സൈലന്‍സ് ദ നോയ്സ്' ക്യാമ്പയിന്റെ ഭാഗമായി സര്‍ക്കാരിനും ഉന്നത പോലീസ് മേധാവികള്‍ക്കും നല്‍കിയ പരാതിയിലാണ് എ.ഡി.ജി.പി (ക്രമസമാധാനം) നേരിട്ട് ഇടപെട്ട് ഉത്തരവിറക്കിയത്. പരീക്ഷാസമയത്തെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാന്‍ സംസ്ഥാനത്തെ എല്ലാ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും (SDPO) നിര്‍ദ്ദേശം നല്‍കി.
മാര്‍ച്ച് എട്ടിന് സമര്‍പ്പിച്ച ഇ-മെയില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് ഓഫീസില്‍ നിന്നും (Endt No G3-13064/2026/QR Dated. 24-03-2026) ഇതുസംബന്ധിച്ച പ്രത്യേക ഉത്തരവ് ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം. സമാനമായ രീതിയില്‍ സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും നടപടികള്‍ ആരംഭിച്ചതായാണ് വിവരം.
നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍:
ശബ്ദമലിനീകരണ ചട്ടങ്ങള്‍ 2000: വാര്‍ഷിക പരീക്ഷാ കാലയളവില്‍ ഉച്ചഭാഷിണി നിയന്ത്രണ ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക.
ഉപകരണങ്ങള്‍ പിടിച്ചെടുക്കും: നിയമലംഘനം നടത്തുന്നവരുടെ ഉച്ചഭാഷിണികളും മറ്റ് ശബ്ദ ഉപകരണങ്ങളും പിടിച്ചെടുക്കാന്‍ പോലീസിനും റവന്യൂ അധികാരികള്‍ക്കും അധികാരം നല്‍കണം.
ക്രിമിനല്‍ കേസ്: ഗുരുതരമായ നിയമലംഘനങ്ങളില്‍ പരിസ്ഥിതി സംരക്ഷണ നിയമം (EPA 1986) പ്രകാരം ഉടനടി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുക.
ഹൈക്കോടതി വിധി പാലിക്കണം: ആരാധനാലയങ്ങള്‍, രാഷ്ട്രീയ-പൊതു പരിപാടികള്‍ എന്നിവയുടെ പേരില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ വിവേചനമില്ലാതെ കോടതി ഉത്തരവ് നടപ്പിലാക്കുക.
മതപരമായ ആഘോഷങ്ങളുടെയോ രാഷ്ട്രീയ പരിപാടികളുടെയോ പേരില്‍ സ്വന്തം സ്ഥലപരിധിക്ക് പുറത്തേക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എ.ഡി.ജി.പിയുടെ പുതിയ ഉത്തരവോടെ സംസ്ഥാനത്തുടനീളം ശബ്ദമലിനീകരണത്തിനെതിരെ കര്‍ശനമായ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
