'സത്യത്തെ ആരാണ് ഭയക്കുന്നത്? എനിക്ക് ഭയമില്ല'; ഡിജിപിയോട് താന്‍ കൊടുത്ത പരാതികള്‍ കൂടി വായിച്ചെങ്കിലും നോക്കാന്‍ പറയണം; അതിജീവിതമാരുടെ പരാതിയില്‍ തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
'സത്യത്തെ ആരാണ് ഭയക്കുന്നത്? എനിക്ക് ഭയമില്ല';
തിരുവനന്തപുരം: അതിജീവിതമാരുടെ പരാതിയില്‍ തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ട് അതിജീവിതമാര്‍ സൈബര്‍ അധിക്ഷേപത്തിന് പരാതി നല്‍കിരുന്നു. ഇതിനോട് പ്രതികരിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നത്. തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന് എതിരെയാണ് രണ്ടാമത്തെ കേസിലെ അതിജീവിത സൈബര്‍ അധിക്ഷേപത്തിന് പരാതി നല്‍കിയത്. പ്രാഥമിക പരിശോധന നടത്തിയ ശേഷമായിരിക്കും പരാതികളില്‍ കേസ് എടുക്കുക. മൂന്നാം കേസിലെ അതിജീവിത രണ്ടു പരാതികള്‍ നല്‍കി. ഈ പരാതിയില്‍ നിയാസ് മലബാറി അടക്കമുള്ളവര്‍ക്ക് എതിരെ പരാമര്‍ശമുണ്ട്. കര്‍ശന നടപടി എടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രാഥമിക പരിശോധന നടത്തി കേസ് എടുക്കുമെന്നും ആദ്യ പരാതി ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയും രണ്ടും മൂന്നും പരാതികള്‍ കാസര്‍കോട്,പത്തനംതിട്ട സൈബര്‍ പോലീസ് അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ വാര്‍ത്തക്കൊപ്പമാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. ഡി.ജി.പിയോട് താന്‍ കൊടുത്ത പരാതികള്‍ കൂടി വായിച്ചെങ്കിലും നോക്കാന്‍ പറയണമെന്നും എന്താണ് സത്യം എന്ന് എല്ലാവരും അറിയട്ടെയെന്നും രാഹുല്‍ പറഞ്ഞു. സത്യത്തെ ആരാണ് ഭയക്കുന്നത്? എനിക്ക് ഭയമില്ല.... എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സാധാരണ അല്പം കൂടി ക്രൗര്യ ഭാവത്തില്‍ ഉള്ള ഫോട്ടോകള്‍ ആണല്ലോ എന്റെ കൊടുക്കാറ്, ഇതിപ്പോള്‍ എന്ത് പറ്റി?
പിന്നെ അടിയന്തര നിര്‍ദ്ദേശം കൊടുക്കുന്ന DGP യോട് ഞാന്‍ കൊടുത്ത പരാതികള്‍ കൂടി വായിചെങ്കിലും നോക്കാന്‍ പറയണം.
നിഷ്പക്ഷനാണ് എന്ന് തെറ്റിദ്ധാരണ എങ്കിലും ഉണ്ടാകട്ടെ.
അല്ലെങ്കില്‍ ഇപ്പോള്‍ പിന്‍ സീറ്റ് ഡ്രൈവ് നടത്തുന്ന ശശിയെ ഐപിഎസ് ഹോണററി കൊടുത്ത് DGP ആക്കിയേക്ക്...
ഞാന്‍ ഇത് വരെ എന്തേലും സൈബര്‍ ആക്രമണം നടത്തുകയോ എനിക്ക് എതിരെ അങ്ങനെ ഒരു പരാതിയോ ഉണ്ടോ? എന്നിട്ടും എന്റെ ചിത്രം എന്തിനാണ് കൊടുത്തേക്കുന്നത്? അപ്പോള്‍ ഈ മാധ്യമങ്ങള്‍ എനിക്ക് എതിരെ നടത്തുന്ന സൈബര്‍ ആക്രമത്തിനു ആര് കേസ് എടുക്കും?
പിന്നെ എന്റെ കയ്യില്‍ ഉള്ള തെളിവുകള്‍ പുറത്ത് വിടാം എന്ന് പറയുമ്പോള്‍ തന്നെ എന്തിനാ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്.....
അറ്റവും മുറിയുമല്ല, കോടതിയില്‍ സമര്‍പ്പിച്ചതും സമര്‍പ്പിക്കാന്‍ പോകുന്നതുമായ എല്ലാ തെളിവും പുറത്ത് വിടാന്‍ ഞാന്‍ തയ്യാര്‍...
എന്താണ് സത്യം എന്ന് എല്ലാവരും അറിയട്ടെ...
സത്യത്തെ ആരാണ് ഭയക്കുന്നത്?
എനിക്ക് ഭയമില്ല....
