പൊലീസിനെ കണ്ടതും പുഴയിലേക്ക് ചാടി; പാറയിടുക്കിൽ ഒളിച്ചിട്ടും രക്ഷയില്ല; ക്ഷേത്രങ്ങളിലും മസ്ജിദിലും മോഷണം പതിവാക്കിയ 'കാപ്പ' ക്രിമിനൽ പിടിയിൽ; മടവൂരുകാരൻ സനോജിനെ പൂട്ടിയത് സാഹസികമായി

Update: 2026-03-29 12:04 GMT

ആറ്റിങ്ങൽ: ആറ്റിങ്ങലും പരിസരപ്രദേശങ്ങളിലുമുള്ള ആരാധനാലയങ്ങളിൽ തുടർച്ചയായി മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് സാഹസികമായി. മടവൂർ ഞാറയിൽകോണം മയിലാടും പൊയ്ക സ്വദേശി സനോജിനെയാണ് (53) ആറ്റിങ്ങൽ എസ്.എച്ച്.ഒ അനുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പുനലൂർ പൊലീസിന്റെ സഹായത്തോടെ കരവാളൂർ ഭാഗത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പൊലീസിനെ കണ്ടതോടെ സമീപത്തെ പുഴയിൽ ചാടി നീന്തിയ പ്രതി, കല്ലിടുക്കുകളിൽ ഒളിച്ചിരുന്നു. എന്നാൽ പിന്തുടർന്ന പൊലീസ് സംഘം പുഴയിലിറങ്ങി സാഹസികമായാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽ മാർച്ച് നാലിന് രാത്രി വാതിൽ പൊളിച്ച് അകത്തുകയറിയ പ്രതി ഒരു പവന്റെ താലിമാലയും സ്വർണപ്പൊട്ടുകളുമാണ് കവർന്നത്.

ഇതിനുപിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച പതിനെട്ടാം മൈലിലെ ഇർഷാദ് ഇസ്ലാം മസ്ജിദിനോട് ചേർന്നുള്ള മദ്രസയുടെ വാതിൽ തകർത്ത് അകത്തുകയറിയ സനോജ് അവിടെ സൂക്ഷിച്ചിരുന്ന 15,000 രൂപയും മോഷ്ടിച്ചു. ആറ്റിങ്ങൽ മേഖലയിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് തുടർച്ചയായുണ്ടായ ഈ മോഷണങ്ങളാണ് ഒടുവിൽ പ്രതിയെ കുടുക്കാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ കാരണമായത്.

സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചുള്ള ശാസ്ത്രീയ നീക്കമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. ഇരുപതിലധികം മോഷണക്കേസുകളിൽ പ്രതിയായ സനോജ് പള്ളിക്കൽ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്. കാപ്പ നിയമപ്രകാരം തടവുശിക്ഷ കഴിഞ്ഞ് ഈയിടെയാണ് ഇയാൾ പുറത്തിറങ്ങിയത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Similar News