പാലക്കാട്ടെയും കേരളത്തിലെയും ജനങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം; മോദിജീ ഇത്തരം വാദങ്ങള്‍ അങ്ങേക്ക് ക്ഷീണമാണ്: രാഹുല്‍ ഈശ്വര്‍
മോദിജീ ഇത്തരം വാദങ്ങള്‍ അങ്ങേക്ക് ക്ഷീണമാണ്: രാഹുല്‍ ഈശ്വര്‍
പാലക്കാട്: പാലക്കാട്ടെ തെരഞ്ഞെടുപ്പു റാലിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഈശ്വര്‍. പാലക്കാട്ടെയും കേരളത്തിലെയും ജനങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും ഇത്തരം വാദങ്ങള്‍ അങ്ങേക്ക് ക്ഷീണമാണ് എന്നുമാണ് രാഹുല്‍ ഈശ്വര്‍ കുറിച്ചത്. പാലക്കാട് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ചത്.
''ആദരണീയനായ പ്രധാനമന്ത്രി മോദിജി ഇത്തരം വാദങ്ങള്‍ അങ്ങേക്ക് ക്ഷീണവും, പ്രധാനമന്ത്രി പദത്തിന്റെ വില കുറക്കുന്നതുമാണ്. താഴെ കോടതി മുതല്‍ സുപ്രീം കോടതി വരെ രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായ വിധിയാണ് നല്‍കിയത്. രാഷ്ട്രീയത്തിനതീതമായി സാധാരണ പാലക്കാടിന്റെ, കേരളത്തിന്റെ ജനങ്ങള്‍ രാഹുലിനൊപ്പം ആണ്'', എന്നാണ് രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍. ദയവായി അന്തം കമ്മി ഫെമിനാസി, സ്ത്രീപക്ഷ നാടക വാദങ്ങള്‍ താങ്കളെ പോലെ ഭാരതത്തിന്റെ പ്രധാനമന്ത്രി ഉപയോഗിക്കരുതേ എന്നും രാഹുല്‍ കുറിച്ചു.
പാലക്കാട് എം.എല്‍.എയെ നേരിട്ട് ആക്രമിച്ചാണ് മോദി പ്രസംഗിച്ചത്. പാലക്കാട് എം.എല്‍.എ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാര്‍ക്ക് നന്നായി അറിയാമെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കേണ്ടിവന്ന സാഹചര്യവുമുണ്ടായി. ഇത്തരം നേതാക്കളെ കേരളത്തിലെ സ്ത്രീകള്‍ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.