മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; അടിപിടിക്കിടെ നെറ്റിയിലേറ്റ പരിക്കിനെ തുടര്‍ന്ന് തലയോട്ടി പൊട്ടി: ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
അടിപിടിക്കിടെ നെറ്റിയിലേറ്റ പരിക്കിനെ തുടര്‍ന്ന് തലയോട്ടി പൊട്ടി: ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
വിഴിഞ്ഞം: മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ അടിപിടിക്കിടെ തലയോട് പൊട്ടി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടുകാല്‍ പുലിയൂര്‍ക്കോണം വാര്‍ഡില്‍ തേരിവിള പുത്തന്‍വീട്ടില്‍ ചുമട്ടുതൊഴിലാളിയായ സി. പ്രമോദ് (38) ആണ് മരിച്ചത്. അതേസമയം എങ്ങനെയാണ് തടയൊട്ടി പൊട്ടിയതെന്ന് പ്രമോദ് മരിക്കുന്നത് വരെ ആരോടും വെിളിപ്പെടുത്തിയിട്ടില്ല. സുഹ്യത്തുക്കളുമായി മദ്യപിക്കുന്നതിനിടയില്‍ ആരോ പട്ടികകൊണ്ട് തന്റെ ഭര്‍ത്താവിനെ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് പ്രമോദിന്റെ ഭാര്യ ആരോപിച്ചു.
പ്രമോദിന്റെ മരണത്തിന് പിന്നാലെ സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. പ്രമോദും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ മാസം നാലാംതീയതി പുലിയൂര്‍ക്കോണം ഭാഗത്ത് സംഘം ചേര്‍ന്ന് മദ്യപിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്തിരുന്നു. അപിടിപിടിക്കിടെ സുഹൃത്തുക്കളിലൊരാള്‍ പട്ടികയ്ക്ക് അടിച്ചതാണെന്നാണ് വിവരം. പ്രമോദിനൊപ്പമുണ്ടായിരുന്ന സുഹ്യത്തുക്കളായ സജീവ്, പ്രശാന്ത്, മഹേഷ് എന്നിവര്‍ക്കെതിരെ പോലിസ് വിശദമായ അന്വേഷണം നടത്തുകയാണ്.
മദ്യപാനത്തിനിടെ പുലര്‍ച്ച 2.30-ഓടൈയാണ് നാലുപേരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കാര്യങ്ങള്‍ കൈവിട്ടുപോകും എന്ന് തോന്നിയതോടെ, സംഘത്തിലുണ്ടായിരുന്ന മഹേഷിന്റെ അച്ഛന്‍ രാജു വിഴിഞ്ഞം പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയതോടെ നാലു പേരും അവിടെനിന്നും രക്ഷപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഇവരുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെടുത്ത് സ്റ്റേഷനിലെത്തിച്ചു. അടുത്ത ദിവസം പ്രമോദിനെയും സജീവിനെയും പ്രശാന്തിനെയും മഹേഷിനെയും വിളിച്ചുവരുത്തി വിശദാശംങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മൊബൈല്‍ ഫോണുകളും കൈമാറി വിട്ടയച്ചു.
ഈ സമയത്ത് തന്നെ പോലിസ് പ്രമോദിന്റെ വലതുനെറ്റിയിലെ പരിക്ക് കണ്ടിരുന്നു. ഇതിനെ കുറിച്ച് പോലീസ് ചോദിച്ചപ്പോള്‍, വീണുപരിക്കേറ്റതാണ് എന്നാണ് പ്രമോദ് പറഞ്ഞത്. വേദന സഹിക്കാതായതോടെ തൊട്ടടുത്ത ദിവസം പ്രമോദിനെ ഭാര്യ റീന ഉച്ചക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ബൈക്കില്‍നിന്നും വീണാണ് പരിക്കേറ്റത് എന്നാണ് ഇയാള്‍ ഡോക്ടറോട് പറഞ്ഞത്. മുറിവിന്റെ അസ്വാഭാവികത കൊണ്ട് ആശുപത്രി അധികൃതര്‍ ഇക്കാര്യം വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നു.
നെറ്റിയിലേറ്റ പരിക്കിനെ തുടര്‍ന്ന് പ്രമോദിന്റെ തലയോടിന് പൊട്ടലേറ്റിരുന്നു. അങ്ങനെ ഏഴാം തീയതിയോടെ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് വെളളിയാഴ്ച രാവിലെ ആറുമണിയോടെ മരിച്ചത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
പട്ടികകൊണ്ടുളള അടിയേറ്റാണ് തന്റെ ഭര്‍ത്താവിന് മുറിവുണ്ടായതെന്ന് പ്രമോദിന്റെ ഭാര്യ റീന സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, പ്രമോദിനൊപ്പം മദ്യപിച്ചിരുന്ന സുഹ്യത്തുക്കളായ മൂന്നുപേരെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്ത് അന്വേഷണം നടത്തുമെന്ന് എസ്എച്ച്ഒ സുനില്‍ഗോപി പറഞ്ഞു. ഫൊറന്‍സിക് സംഘമെത്തി പരിശോധന നടത്തി. ഉച്ചക്കട ഐഎന്‍ടിയുസിയിലെ ചുമട്ടുതൊഴിലാളിയായിരുന്നു പ്രമോദ്. മക്കള്‍: അഭിഷേക്, ആദിത്യ.
