ആലുവ റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ ഒരു ബാഗ്; തുറന്നപ്പോൾ ഞെട്ടൽ; കണ്ടത് ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവ്
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 10 കിലോ കഞ്ചാവ് പിടികൂടി. എക്സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർ.പി.എഫ്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ വടക്ക് ഭാഗത്തുള്ള റെയിൽവേ നടപ്പാലത്തിന് താഴെ സിഗ്നൽ ബോക്സിനടുത്ത് സംശയാസ്പദമായി കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ആലുവ എക്സൈസ് സർക്കിൾ ഓഫീസ്, ആർ.പി.എഫ് തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ടീം, ആലുവ ആർ.പി.എഫ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന.
ആർ.പി.എഫ് ആലുവ ഇൻസ്പെക്ടർ എ.പി. വേണു, ക്രൈം ഇന്റലിജൻസ് സർക്കിൾ ഇൻസ്പെക്ടർ എ.ജെ. ജിബിൻ, എക്സൈസ് ഇൻസ്പെക്ടർ ടി.എസ്. പ്രമോദ് എന്നിവരുടെ മേൽനോട്ടത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. മയക്കുമരുന്ന് കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ ഊർജ്ജിതമായ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.