ബാര്‍ കോഴ ഇടപാടില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; കേരളത്തില്‍ ഇക്കാര്യം അന്വേഷിക്കാന്‍ ലോകായുക്ത ഇല്ലേയെന്നും സുപ്രീം കോടതി
പൊതു പ്രവര്‍ത്തകനായ പി.എല്‍. ജേക്കബാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
ന്യൂഡല്‍ഹി: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ബാര്‍ കോഴ ഇടപാടില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, കെ. ബാബു, ജോസ് കെ മാണി എന്നിവര്‍ക്കെതിരേ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് തള്ളിയത്. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, പങ്കജ് മിത്തല്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ആവശ്യം തള്ളിയത്.
പൊതു പ്രവര്‍ത്തകനായ പി.എല്‍. ജേക്കബാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. 2015-ല്‍ എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു, ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതിനും, ലൈസന്‍സ് തുക കുറയ്ക്കുന്നതിനുമായി ഒരു കോടി രൂപ കൈപ്പറ്റിയിരുന്നുവെന്ന് ബാര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റ് ആരോപിച്ചിരുന്നുവെന്ന് ജേക്കബിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ അന്നത്തെ ധനകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവരും കോഴ വാങ്ങിയെന്നും വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഒരാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ ആകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേരളത്തില്‍ ഇക്കാര്യം അന്വേഷിക്കാന്‍ ലോകായുക്ത ഇല്ലേയെന്നും സുപ്രീം കോടതി ആരാഞ്ഞു.