ലഹരി ഉപയോഗത്തിനെതിരായ ബോധവൽക്കരണ സന്ദേശവുമായി സൈക്കിൾ യാത്ര; തന്റെ ലഹരി തന്റെ സ്വപ്നങ്ങളാണെന്ന് സുധീഷ് മഞ്ഞപ്പാറ; 450 കിലോമീറ്റർ യാത്രയ്ക്ക് നാളെ തുടക്കം

Update: 2025-07-08 13:09 GMT

തിരുവനന്തപുരം: ലഹരി ഉപയോഗത്തിനെതിരായ ബോധവൽക്കരണത്തിനായി സൈക്കൾ യാത്ര നടത്താനൊരുങ്ങി തിരുവനന്തപുരം സ്വദേശി സുധീഷ് മഞ്ഞപ്പാറ. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്കാണ് സൈക്കൾ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് നാഷണൽ അവാർഡുകൾ കിട്ടിയ 'ഭയാനകം' സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയായിരുന്നു സുധീഷ്.

25 വർഷമായി സുധീഷിന് തിയേറ്ററിൽ സിനിമ പോസ്റ്റർ ഒട്ടിക്കുന്ന ജോലിയാണ്. സിനിമ മേഖലയിലും, വിദ്യാർത്ഥിക്കൾക്കിടയിലും വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെയാണ് സൈക്കൾ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്.

സമൂഹത്തെയും സിനിമ മേഖലയെയും കാർന്നു തിന്നുന്ന ലഹരിക്കെതിരെയായ യാത്ര കൊട്ടാരക്കര, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം വഴി കോഴിക്കോട് വരെ നീളുന്നു. 450 കിലോമീറ്റർ ദൂരമുള്ള സൈക്കൾ യാത്രയാണ് സുധീഷ് ലക്ഷ്യമിട്ടിരിക്കുന്നത്. തന്റെ ലഹരി നോവലും, ഡോക്യുമെന്ററിയും, സിനിമ സ്വപ്നങ്ങളുമാണെന്ന സന്ദേശമാണ് യാത്രയിലൂടെ സുധീഷ് പങ്ക് വെക്കാൻ ആഗ്രഹിക്കുന്നത്.

Tags:    

Similar News