സ്വകാര്യ ബസുകളുടെ മല്‍സരയോട്ടം: റോഡിലും ബസ് സ്റ്റാന്‍ഡിലും ജീവനക്കാരുടെ ഏറ്റു മുട്ടല്‍; തകര്‍ന്ന കണ്ണാടിച്ചില്ല് തറച്ച് യാത്രക്കാരിക്ക് പരുക്ക്; സംഭവം പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍

Update: 2025-01-08 03:27 GMT

പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ റോഡിലും ബസ് സ്റ്റാന്‍ഡിലും നടത്തിയ ഏറ്റുമുട്ടലിനൊടുവില്‍ തകര്‍ന്ന കണ്ണാടിച്ചില്ല് തറച്ച് യാത്രക്കാരിക്ക് പരുക്ക്. കോഴഞ്ചേരിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന സ്വപ്ന, നിബുമോന്‍ ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സമയത്തെ ചൊല്ലിയായിരുന്നു തകര്‍ക്കം.

സ്വപ്ന ബസിനെ ഓവര്‍ടേക്ക് ചെയ്ത് നിബുമോന്‍ ബസ് റോഡിന് കുറുകേ നിര്‍ത്തി. തുടര്‍ന്ന് വാക്കേറ്റം നടന്നു. പിന്നീട് ഇരുബസുകളും സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എത്തി. സ്വപ്ന ബസിന്റെ മുന്‍വശത്ത് വലതു സൈഡിലായുള്ള റിയര്‍വ്യു മിറര്‍ നിബുമോന്‍ ബസിലെ ഡ്രൈവറായ ഷാജി കല്ലെടുത്ത് അടിച്ചു തകര്‍ത്തു. ചില്ല് തെറിച്ച് വീണത് സ്വപ്ന ബസിലെ യാത്രക്കാരിയായ കൊടുമണ്‍ ഐക്കാട് പാറയില്‍ കിഴക്കേതില്‍ ജ്യോതിലക്ഷ്മിയുടെ കണ്ണിലേക്കാണ്.

പരുക്കേറ്റ ജ്യോതിലക്ഷ്മി ചികില്‍സ തേടി. തുടര്‍ന്ന് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. രണ്ടു ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. മുന്‍പ് വഴിയില്‍ വച്ചായിരുന്നു തര്‍ക്കം. ഇപ്പോഴത് ബസ് സ്റ്റാന്‍ഡിലേക്കും എത്തിയിരിക്കുകയാണ്.

Similar News