റബ്ബർ ഷീറ്റടിക്കുന്ന ഭാഗത്ത് വന്നുനിന്ന് കറക്കം; ആരും കാണാതെ പാത്തും പതുങ്ങിയും കള്ളത്തനം; വിരുതന്മാരെ കണ്ട് അമ്പരന്ന് വീട്ടുകാർ; ദൃശ്യങ്ങൾ പുറത്ത്

Update: 2025-08-27 09:29 GMT

പത്തനംതിട്ട: കൊടുമണ്ണിൽ വീട്ടിൽ നിന്ന് വെട്ടുകത്തി മോഷ്ടിച്ച കള്ളന്മാർ കുടുങ്ങി. രണ്ട് കുറുനരികളാണെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. കൊടുമൺ സ്വദേശി അലക്സ് മാത്യുവിൻ്റെ വീട്ടിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്.

കരിക്ക് വെട്ടാനായി വെട്ടുകത്തി എടുക്കാൻ നോക്കിയപ്പോഴാണ് അത് കാണാനില്ലെന്ന് വീട്ടുകാർക്ക് മനസ്സിലായത്. തുടർന്ന് വീട്ടിലെ സുരക്ഷാ കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളനെന്ന് കരുതിയത് രണ്ട് കുറുനരികളാണെന്ന് തിരിച്ചറിഞ്ഞത്. വീടിൻ്റെ റബ്ബർ ഷീറ്റടിക്കുന്ന ഭാഗത്ത് നിന്നുമാണ് കുറുനരികൾ വെട്ടുകത്തി കടിച്ചെടുത്ത് ഓടി രക്ഷപ്പെട്ടത്. തെങ്ങിൽ കയറുന്നവർക്ക് ഉപയോഗിക്കാനായി വെട്ടുകത്തിയിൽ കെട്ടിയിട്ടിരുന്ന കയറിൽ കടിച്ചാണ് ഇവ അത് കൊണ്ടുപോയത്.

വിവാഹത്തിൽ പങ്കെടുക്കാൻ പോയി തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് അലക്സ് മാത്യു പറഞ്ഞു. കുറുനരികൾ അധിക ദൂരം കത്തി കൊണ്ടുപോയില്ലെന്നും പറമ്പിൽ നിന്ന് തന്നെ കത്തി തിരികെ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യരല്ലാത്ത ജീവികൾ വീട്ടിൽ കയറി സാധനങ്ങൾ മോഷ്ടിക്കുന്ന സംഭവം നാട്ടുകാർക്കിടയിൽ വലിയ അത്ഭുതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Tags:    

Similar News