മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; മരിച്ച ജസീലയുടെ സുഹൃത്തിന്റെ മാതാവ് അറസ്റ്റില്‍
ജസീലയുടെ ആത്മഹത്യ: സുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ
കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് 24കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. പൊവ്വല്‍ അമ്മങ്കോട് ആയിഷയെയാണ് (49) അറസ്റ്റ് ചെയ്തത്. ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തിയാണ് ഇവരെ പോലിസ് അറസ്റ്റ് ചെയ്തത്. ആയിഷയാണ് ജസീലയ്‌ക്കെതിരെ മോഷണ ആരോപണം ഉന്നയിച്ചത്. ജസീലയുടെ സുഹൃത്ത് അഫ്രീദിന്റെ മാതാവാണ് അറസ്റ്റിലായ ആയിഷ. നിരപരാധിയാണെന്ന് ജസീല ആവര്‍ത്തിച്ച് പറഞ്ഞിട്ടും ആയിഷയാണ് മോഷ്ടിച്ചത് ജസീലയാണെന്ന് പറഞ്ഞത്.
ഇവരുടെ മകന്‍ അഫ്രീദ് കേസിലെ മറ്റൊരു പ്രതിയാണ്. കഴിഞ്ഞ മാസം 22നാണ് മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് മുളിയാര്‍ സ്വദേശി ജസീല ആത്മഹത്യ ചെയ്തത്. താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന വിഡിയോ ചിത്രീകരിച്ച ശേഷമാണ് രണ്ട് കുട്ടികളുടെ അമ്മയായ ജസീല വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായ ജസീല ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതിനിടെ മജിസ്‌ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ മരണത്തിന് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കെതിരേയും അയല്‍വീട്ടുകാര്‍ക്കെതിരേയും കുടുംബം പരാതി നല്‍കി.
സുഹൃത്തിന്റെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെ സ്വര്‍ണമാല കാണാതായി. ഇത് ജസീല മോഷ്ടിച്ചതാണെന്നുമായിരുന്നു ആരോപണം. തുടര്‍ന്ന് ആദൂര്‍ പൊലീസ് ജസീലയെ ചോദ്യം ചെയ്തു. ആയിഷയാണ് ജസീല മോഷ്ടിച്ചെന്ന് പറഞ്ഞത്. എന്നാല്‍, സംഭവത്തില്‍ ജസീലയ്ക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല. പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചതിന് പിന്നാലെ ജസീല കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു. ഇതിനിടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ജസീലയുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കി. ഇതിനുപിന്നാലെയാണ് വിഷം കഴിച്ചത്.