അടൂര്‍ തെങ്ങമത്ത് ചായക്കടയിലെ അതിക്രമം: മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു; ഏഴു പേര്‍ക്കായി അന്വേഷണം ഊര്‍ജിതം

അടൂര്‍ ചായക്കട അക്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Update: 2025-02-06 15:09 GMT

അടൂര്‍: തെങ്ങമത്തെ ചായക്കടയില്‍ യുവാക്കളെ മര്‍ദിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പള്ളിക്കല്‍ ഇടിഞ്ഞയ്യത്ത് ജങ്ഷനില്‍ വേണു ഭവനം വീട്ടില്‍ ടി ആര്‍ വിനീത് (26 ), നൂറനാട് പാലമേല്‍ പണയില്‍ ഇടിഞ്ഞയ്യത്ത് തട്ടാരുടെയ്യത്ത് വീട്ടില്‍ ജി. രാഹുല്‍(25), ചാങ്ങിയത്ത് വീട്ടില്‍ എം.വിജിത്ത്(26)എന്നിവരാണ് പിടിയിലായത്.

രണ്ടിന് രാത്രി എട്ടരയോടെയാണ് സംഭവം. പള്ളിക്കല്‍ തെങ്ങമം ഹരിശ്രീയില്‍ അഭിരാജ്(29), സുഹൃത്ത് വിഷ്ണു മോഹന്‍ (28) എന്നിവര്‍ക്കാണ് 10 പേരടങ്ങുന്ന സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. പരുക്കേറ്റ യുവാക്കള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഭിരാജും സുഹൃത്ത് വിഷ്ണു മോഹനും തെങ്ങമത്തേക്ക് പോകുമ്പോള്‍ കൊല്ലായ്ക്കല്‍ മീന്‍ ചന്തയ്ക്ക് വച്ചു മുന്നില്‍ പോയ ബൈക്ക് യാത്രക്കാര്‍ ഇവരെ തടഞ്ഞു.

തടഞ്ഞവരുടെ ബൈക്കിന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ അഭിരാജ് പകര്‍ത്തി. പിന്നീട് ഇവര്‍ യാത്ര തുടര്‍ന്നപ്പോള്‍ മേക്കുന്നുമുകള്‍ പമ്പിനു സമീപം വച്ച് നേരത്തെ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട മൂവര്‍ സംഘം അവിടെയെത്തി ഇവരെ ചീത്ത വിളിച്ചു. അഭിരാജിനെ മര്‍ദിക്കുകയും മൂവരും ചേര്‍ന്ന് യുവാക്കളെ മര്‍ദ്ദിക്കുകയും തറയിലിട്ട് ചവുട്ടുകയും ചെയ്തു. ഇതുകണ്ട് പമ്പിലെയും അടുത്ത ചായക്കടയിലെയും ആളുകള്‍ ഓടിയെത്തി പിടിച്ചുമാറ്റി.

തുടര്‍ന്ന്, അഭിരാജും വിഷ്ണുവും മേക്കുന്നുമുകള്‍ പമ്പിനടുത്തുള്ള എം.എം. കഫേയില്‍ ചായ കുടിക്കുമ്പോള്‍ 4 മോട്ടോര്‍ സൈക്കിളുകളിലായി, മുമ്പ് മര്‍ദ്ദിച്ച സംഘത്തിലെ മൂന്നുപേരും വേറെ ഏഴുപേരുമായി എത്തി ഇവരെ ആക്രമിക്കുകയായിരുന്നു. കടയ്ക്കുള്ളില്‍ ഓടിക്കയറിയ യുവാക്കളെ അക്രമികള്‍ വളഞ്ഞിട്ട് തല്ലി. ഇടിവള, കല്ല്, സോഡാക്കുപ്പി എന്നിവ കൊണ്ടായിരുന്നു ആക്രമണം. കടയിലെ സാധനങ്ങളും നശിപ്പിച്ചു. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഡിവൈ. എസ്.പി ജി.സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News