നിര്‍മാണത്തിലിരുന്ന വീട്ടില്‍ കൗമാരക്കാരുടെ അഴിഞ്ഞാട്ടം; ഇലക്ട്രിക് പ്ലംബിങ് സാധനങ്ങള്‍ മോഷ്ടിച്ചു; വീടു മുഴുവന്‍ നശിപ്പിച്ചു; മൂന്നു കൗമാരക്കാര്‍ അടക്കം ആറു പേര്‍ പിടിയില്‍
മൂന്നു കൗമാരക്കാര്‍ അടക്കം ആറു പേര്‍ പിടിയില്‍
പത്തനംതിട്ട: വലഞ്ചുഴി കാവ് ജങ്ഷനില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെ ഇലക്ട്രിക്, പ്ലംബിംഗ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും മോഷണം നടത്തുകയും ചെയ്ത സംഘത്തിലെ കൗമാരക്കാര്‍ ഉള്‍പ്പെടെ ആറു പേരെ പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. വലഞ്ചൂഴി കിഴക്കേടത്ത് ലക്ഷംവീട്ടില്‍ അനു (20), ആദിത്യന്‍ (20), വലഞ്ചുഴി കാരുവേലില്‍ സൂര്യദേവ് (18), മൂന്നു പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരാണ് പിടിയിലായത്. കുമ്പഴ പുതുപ്പറമ്പില്‍ അവിജിത്ത് ജെ. പിള്ളയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ഒന്നിനും പത്തിനുമിടയില്‍ സംഘത്തിന്റെ സാമൂഹികവിരുദ്ധ അഴിഞ്ഞാട്ടം ഉണ്ടായത്.
ഫ്രിഡ്ജ്,മൈക്രോവേവ് ഓവന്‍, 3 എ.സി, വാക്വം ക്ലീനര്‍, പ്രഷര്‍ വാട്ടര്‍ പമ്പ് എന്നിവ നശിപ്പിച്ചു. ഇവയുടെ ഇലക്ട്രിക് വയറുകള്‍ വീടിനകത്ത് കൂട്ടിയിട്ട് കത്തിച്ചു. ശുചിമുറിയിലെ ഫിറ്റിങ്ങുകളും തകര്‍ത്തു. നിരവധി സാധനങ്ങള്‍ അടിച്ചു നശിപ്പിച്ച ശേഷം കൂട്ടിയിട്ട് കത്തിച്ച്, അതിന്റെയെല്ലാം ചെമ്പു കമ്പികള്‍ എടുക്കുകയും അടുക്കള ഉപകരണങ്ങള്‍, വാക്വം ക്ലീനര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തകര്‍ത്ത് അവയുടെ ഇലക്ട്രിക് ഭാഗങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. ആകെ അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഒമ്പതിന് രാവിലെ സുഹൃത്ത് പറഞ്ഞപ്പോഴാണ് അവിജിത്ത് വിവരം അറിയുന്നത്. 70 സെന്റ് സ്ഥലത്ത് 8000 ചതുരശ്ര അടിയില്‍ മൂന്നുനില കെട്ടിടം 10 വര്‍ഷം മുമ്പാണ് നിര്‍മാണം തുടങ്ങിയത്. മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയിലാണ്. മുറിക്കുള്ളില്‍ പെയിന്റ് വാരി തേച്ചും ചിത്രങ്ങള്‍ വരച്ചും വികൃതമാക്കിയിരുന്നു. പരാതിയില്‍ കേസെടുത്ത പോലീസ്, ഫോറെന്‍സിക് സംഘത്തെയും ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.
എസ്.ഐ ഷിജു പി. സാം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് അന്വേഷണം എസ്.ഐ കെ.ആര്‍ രാജേഷ് കുമാര്‍ ഏറ്റെടുത്തു. വീടിന്റെ ചുറ്റുമതിലിലെ ഇരുമ്പ് ഗ്രില്ല് പ്രതികള്‍ മോഷ്ടിച്ചു.ഇതില്‍ 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഒന്നാം പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഗ്രില്ലുകളും മറ്റും ഇളക്കിക്കൊണ്ട് പോയത് മറ്റു പ്രതികള്‍ക്കൊപ്പമാണെന്ന് സമ്മതിച്ചു. തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തു.
മറ്റു പ്രതികള്‍ക്കായി നടത്തിയ തെരച്ചിലില്‍ വലഞ്ചുഴിയില്‍ നിന്നും ഉടനടി പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇവരും കുറ്റം സമ്മതിച്ചു. പിന്നീട് ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴി പ്രകാരം ഗ്രില്ല് കണ്ടെടുത്തു. മോഷ്ടിച്ച ചെമ്പു കമ്പികള്‍ കണ്ടെത്തിയത് മൂന്നാം പ്രതിയുടെ കുറ്റസമ്മതത്തെ തുടര്‍ന്നാണ്. 17 കാരായ മൂന്നുപേരെ രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ കുറ്റങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയശേഷം റിപ്പോര്‍ട്ട് സഹിതം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.പിന്നീട് കൊല്ലത്തെ ജുവനൈല്‍ ഹോമിലേക്ക് ഇന്നലെ രാത്രിയോടെ മാറ്റി. ഒന്നുമുതല്‍ മൂന്നുവരെ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഡിവൈ.എസ്.പി എസ്. ന്യൂമാന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പോലീസ് ഇന്‍സ്പെക്ടര്‍ കെ. സുനുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് സംഘത്തില്‍ എസ് ഐ കെ ആര്‍ രാജേഷ് കുമാര്‍, എ എസ് ഐ ബീന, എസ് സി പി ഓമാരായ രാജിവ് കൃഷ്ണന്‍, അയൂബ് ഖാന്‍, അല്‍ സാം, രാജേഷ്, സി പി ഓമാരായ അനീഷ്, സുമന്‍, അഭിലാല്‍ എന്നിവരാണ് ഉള്ളത്.