പതിനാലുകാരന് മര്‍ദ്ദനം : പിതാവ് അറസ്റ്റില്‍

പതിനാലുകാരന് മര്‍ദ്ദനം : പിതാവ് അറസ്റ്റില്‍

Update: 2025-02-27 14:19 GMT

കോന്നി: കൂടല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 14 കാരന് ക്രൂരമര്‍ദ്ദനം ഏറ്റ സംഭവത്തില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും 14 കാരനെയും അനുജനെയും മര്‍ദ്ദിക്കാറുണ്ടെന്ന് കൂടല്‍ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായതിനെതുടര്‍ന്ന്, 45 കാരനായ പിതാവിനെതിരെ കേസ് എടുക്കുകയായിരുന്നു. മകനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ളയാള്‍ അപ്രകാരം ചെയ്യാതിരുന്നതിനു ബാലനീതിനിയമ പ്രകാരവും ദേഹോപദ്രവം ഏല്‍പ്പിച്ചതിനു ബി എന്‍ എസ് അനുസരിച്ചുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പിതാവിന്റെ മര്‍ദ്ദനം സഹിക്കവയ്യാതെ അമ്മയുടെ വീട്ടില്‍ എത്തിയ കുട്ടിയെ, കഴിഞ്ഞ മാസം 27 രാത്രി 9 ന് ശേഷമാണ്, അവിടെയെത്തി ഇയാള്‍ ബെല്‍റ്റ് കൊണ്ടും മരത്തിന്റെ തൊലി കൂട്ടിക്കെട്ടിയും ദേഹമാസകാലം മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കുട്ടിയുടെ അമ്മ പുറത്തുവിടുകയായിരുന്നു. വീട്ടില്‍ എത്തി അമ്മയുമായി വഴക്കിട്ടു ബഹളമുണ്ടാക്കിയപ്പോള്‍, കട്ടിലില്‍ ഉറങ്ങിക്കിടന്ന കുട്ടി ഉറക്കമുണര്‍ന്ന് വഴക്കുണ്ടാക്കല്ലേ എന്ന് അപേക്ഷിച്ചപ്പോള്‍,പുറത്തുപോയ ഇയാള്‍ ബെല്‍റ്റ് കൊണ്ടുവന്നു തലങ്ങും വിലങ്ങും തല്ലുകയായിരുന്നു.പിന്നീട് പുറത്തിറങ്ങി മരത്തിന്റെ തൊലി കൂട്ടിക്കെട്ടി വീണ്ടും തല്ലി. കയ്യില്‍ പിടിച്ച് കട്ടിലില്‍ നിന്നും താഴെയിട്ടശേഷം മര്‍ദ്ദനം തുടര്‍ന്നു.

മിക്ക ദിവസവും രാത്രി വീട്ടില്‍ വന്ന് അമ്മയെയും അനുജനെയും ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ മൊഴിയില്‍ പറയുന്നു. തുടര്‍ന്നാണ് കഴിഞ്ഞമാസം 27ന് അമ്മയുടെ വീട്ടിലേക്ക് മാറിയത്. ഒരിക്കല്‍ ഇയാളുടെ തല്ലുകൊണ്ട് താഴെ വീണ ഭാര്യ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ കോന്നിയിലെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ ലഭ്യമാക്കിയതായും കുട്ടി വെളിപ്പെടുത്തി. വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരം നശിപ്പിക്കുകയും, പഠിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യാറുണ്ടെന്നും, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി പോലീസിനോട് പറഞ്ഞു. സ്ഥിരം മദ്യപാനിയായ ഇയാളെ മുമ്പ് ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സക്ക് പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായപ്പോള്‍ തന്നെ കൂടല്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News