ചായ കുടിക്കാനിറങ്ങിയപ്പോൾ തെന്നിവീണു; ഓടയുടെ ഇരുമ്പ് മൂടിയിലെ കമ്പികൾക്കിടയിൽ കാൽ കുടുങ്ങി; 23കാരിയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
പാലക്കാട്: ഓടയുടെ മുകളിലെ ഇരുമ്പ് മൂടിയിലെ കമ്പികൾക്കിടയിൽ കാൽ കുടുങ്ങിയ യുവതിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അഞ്ജന(23)യാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ ഇടതുകാൽമുട്ടിന് പരിക്കേറ്റിട്ടുണ്ട്. മഴയത്ത് തെന്നിവീണ് മ്പികൾക്കിടയിൽ കാൽ കുടുങ്ങുകയായിരുന്നു.
ഐഎംഎ ജംഗ്ഷന് സമീപം സ്റ്റേഡിയം സ്റ്റാൻഡിലേക്കുള്ള റോഡിൽ വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ജോലിസ്ഥലത്തുനിന്ന് ചായ കുടിക്കുന്നതിനായി സമീപത്തെ കടയിലേക്ക് പോകുമ്പോൾ മഴയത്ത് തെന്നിവീഴുകയായിരുന്നു. വീഴ്ചയിൽ കാൽമുട്ട് ഓടയുടെ കമ്പികൾക്കിടയിൽ കുടുങ്ങിപ്പോയി.
വേദനകൊണ്ട് നിലവിളിച്ച യുവതിയെ രക്ഷിക്കാൻ പ്രദേശവാസികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേത്തുടർന്നാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റിയാണ് അഞ്ജനയുടെ കാൽ പുറത്തെടുത്തത്.
സീനിയർ ഫയർ ഓഫീസർ എസ്. സനൽകുമാർ, ഫയർ ഓഫീസർമാരായ രാജേന്ദ്രപ്രസാദ്, ആർ. രതീഷ്, പ്രവീൺ, നവനീത് കണ്ണൻ, ഫയർ ഓഫീസർ ഡ്രൈവർ ശിവദാസൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് യുവതിക്ക് തുണയായത്.