വീടിന്റെ മുന്‍പിലൂടെ മീനേ... എന്ന് വിളിച്ചു കൂവുന്നത് ഇഷ്ടമായില്ല; മത്സ്യ വില്‍പ്പനക്കാരനെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍
വീടിന്റെ മുന്‍പിലൂടെ മീനേ... എന്ന് വിളിച്ചു കൂവുന്നത് ഇഷ്ടമായില്ല
ആലപ്പുഴ: വീടിന്റെ മുന്നിലൂടെ മീനേ... എന്ന് വിളിച്ചു കൂവി മത്സ്യ കച്ചവടം നടത്തുന്നത് ഇഷ്ടമായില്ല. മത്സ്യ വില്‍പ്പനക്കാരന് മര്‍ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നഗരസഭ സക്കറിയാ വാര്‍ഡില്‍ ദേവസ്വംപറമ്പില്‍ സിറാജ് (27) ആണ് അറസ്റ്റിലായത്. ഇരുചക്രവാഹനത്തില്‍ മത്സ്യക്കച്ചവടം നടത്തുന്ന വെളിയില്‍ വീട്ടില്‍ ബഷീറിനാണ് (50) പട്ടിക കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30-നായിരുന്നു സംഭവം.
സിറാജിന്റെ വീടിന്റെ മുന്നിലുള്ള റോഡില്‍ക്കൂടി മത്സ്യകച്ചവടക്കാര്‍ എല്ലാ ദിവസവും മീനേ.. മീനേ.. എന്ന് ഉച്ചത്തില്‍ വിളിച്ചാണ് പോവുക. ഇതില്‍ കലിപൂണ്ടാണ് ആക്രമണമെന്ന് പറയുന്നു. ഉച്ചത്തില്‍ കൂവി വിളിക്കുന്നതിനാല്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍നിന്നു ശ്രദ്ധ മാറിപോകുന്നുവെന്നാണ് സിറാജ് പൊലീസിന് നല്‍കിയ മൊഴി. സിറാജിന് ജോലിയൊന്നും ഇല്ലെന്ന് പൊലീസ് പറയുന്നു.സിറാജിന്റെ ആക്രമണത്തില്‍ മുതുകിലും കൈക്കും പരിക്കേറ്റ ബഷീര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.