'ഇനി നെറ്റ് തീർന്നാലും പേടിക്കണ്ട..വിൻഡോ സീറ്റിലിരുന്ന് പാട്ട് ആസ്വദിച്ച് യാത്ര ചെയ്യാം..'; കെഎസ്ആർടിസി ബസുകളിൽ വൈഫൈ സൗകര്യം ഒരുക്കി; 1 ജിബി വരെ ഉപയോഗിക്കാമെന്ന് ഗതാഗതമന്ത്രി
കൊല്ലം: സംസ്ഥാന ഗതാഗത വകുപ്പ് കെ.എസ്.ആർ.ടി.സിക്ക് 40 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മുന്നേറ്റം. 1.57 കോടി രൂപയുടെ ലാഭമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പുതിയ 10 ബസുകളുടെയും വിവിധ ഗ്രാമീണ, അന്തർസംസ്ഥാന സർവീസുകളുടെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചു.
ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം 10.19 കോടി രൂപ വരുമാനം നേടിയതായും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി 10,000 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. കൂടുതൽ മൈലേജ് നൽകുന്ന ബസുകൾ വാങ്ങുന്നതിനായി 108 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 300ൽ അധികം പുതിയ ബസുകൾ ഉടൻ നിരത്തിലിറങ്ങും. ജീവനക്കാരുടെ ശമ്പളവും ഓണക്കാല അലവൻസുകളും മുൻകൂട്ടി നൽകി. ഡ്രൈവിങ് സ്കൂളുകൾ വഴിയുള്ള പ്രവർത്തനങ്ങളിലൂടെ ഒന്നര കോടി രൂപയുടെ ലാഭം നേടാൻ സാധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഓടുന്ന ഡബിൾ ഡക്കർ ബസുകളെല്ലാം നിലവിൽ ലാഭത്തിലാണ്. തൃശൂർ, കോഴിക്കോട് ജില്ലകളിലേക്ക് കൂടി പുതിയ ഡബിൾ ഡക്കർ ബസുകൾ വാങ്ങാൻ തീരുമാനമായിട്ടുണ്ട്. കൂടാതെ, സ്കാനിയ, വോൾവോ, മിനി ബസുകൾ ഉൾപ്പെടെയുള്ള ബസുകളിൽ സൗജന്യ വൈ-ഫൈ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് ഒരു ജി.ബി ഡാറ്റ വരെ സൗജന്യമായി ഉപയോഗിക്കാം. ചെറിയ ദൂരങ്ങളിലേക്ക് പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾ സർവീസ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ജീവനക്കാർക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ മന്ത്രി, ബസുകളെ സ്വന്തം വാഹനങ്ങളെപ്പോലെ സംരക്ഷിച്ച് ഈ മുന്നേറ്റം തുടരാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു. പത്തനാപുരം - വെട്ടിക്കവല - വാളകം - മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരം, പത്തനാപുരം - മേലില ക്ഷേത്രം - അറയ്ക്കൽ ക്ഷേത്രം - മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരം, കന്യാകുമാരി സൂപ്പർഫാസ്റ്റ്, ഗോവിന്ദമംഗലം - മുണ്ടയം - പട്ടാഴി - മൈലം - കൊട്ടാരക്കര - മീമാത്തിക്കുന്ന് വഴി പുനലൂർ, കമുകഞ്ചേരി - എലിക്കാട്ടൂർ വഴി പുനലൂർ, പത്തനാപുരം - പട്ടാഴി - ഏനാത്ത് വഴി അടൂർ എന്നീ ആറ് പുതിയ സർവീസുകൾക്കും ഇതോടൊപ്പം തുടക്കം കുറിച്ചു.