സഖാവ് പിണറായി വിജയന് വിജയം ആശംസിക്കുന്നു; കേരളം എന്റെ നാടുകൂടിയാണ്; അതുകൊണ്ട് നമുക്ക് ശരിയായ തീരുമാനമെടുക്കാം; ആശംസകൾ നേർന്ന് കമലഹാസൻ

Update: 2026-03-17 11:41 GMT

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ മുന്നണിക്കും വിജയാശംസകൾ നേർന്ന് ചലച്ചിത്ര താരവും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവും രാജ്യസഭാംഗവുമായ കമൽഹാസൻ. "സഖാവ് വിജയൻ ജയിക്കട്ടെ, കേരളവും വിജയിക്കും. ഇതാണ് എന്റെ അഭിപ്രായം," കമൽഹാസൻ തന്റെ ഔദ്യോഗിക 'എക്സ്' (X) പേജിൽ കുറിച്ചു.

കേരളവുമായി തനിക്ക് എന്നും വൈകാരികമായ അടുപ്പമുണ്ടെന്ന് വ്യക്തമാക്കിയ കമൽഹാസൻ, സംസ്ഥാനം തന്റെ നാടുകൂടിയാണെന്നും ഓർമ്മിപ്പിച്ചു. കഴിഞ്ഞ പത്തുവർഷത്തെക്കുറിച്ച് ചിന്തിച്ച് ശരിയായ തീരുമാനമെടുക്കാൻ കേരളത്തിലെ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. താൻ പുറത്തുനിന്നുള്ള ആളാണെന്ന് ചിലർക്ക് തോന്നാമെങ്കിലും കേരളവുമായി തനിക്കുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

മുഖ്യമന്ത്രി പിണറായി വിജയനുമായും ഇടതുപക്ഷവുമായും കമൽഹാസൻ ദീർഘകാലമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. തിരുവനന്തപുരത്ത് നടന്ന 'പിണറായി: ദി ലെജൻഡ്' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തിൽ കമൽഹാസൻ മുഖ്യാതിഥിയായിരുന്നു. ആ ചടങ്ങിൽ മുഖ്യമന്ത്രി കമൽഹാസനെ 'ഇടതുപക്ഷ ചിന്താഗതിയുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി' എന്ന് വിശേഷിപ്പിച്ച് പ്രശംസിച്ചിരുന്നു. ഹിന്ദുമഹാസഭ കമൽഹാസനെതിരെ ഭീഷണി മുഴക്കിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ ഭാഷയിൽ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News