ശക്തിയായ കാറ്റില്‍ തോണി മറിഞ്ഞ് അപകടം; മീൻ പിടിക്കാൻ പോയ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം; രണ്ടുപേരെ രക്ഷപ്പെടുത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2025-03-27 15:04 GMT

കോഴിക്കോട്: മീൻ പിടിക്കാൻ കടലിൽ പോയ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. തോണി കാറ്റിൽ പറന്നാണ് അപകടം നടന്നത്. തിക്കോടി പാലക്കുളങ്ങരകുനി പുതിയവളപ്പില്‍ ഷൈജു(40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയവളപ്പില്‍ രവി (59), തിക്കോടി പീടികവളപ്പില്‍ ദേവദാസ് (59) എന്നിവരെ രക്ഷപ്പെടുത്തി.

ഇന്ന് പുലര്‍ച്ചെ 5.15 ഓടെയാണ് സംഭവം നടന്നത്. കോടിക്കലില്‍ നിന്ന് പുറപ്പെട്ട തോണിയാണ് കാറ്റിലും തിരയിലുംപെട്ട് മറിഞ്ഞത്.ഷൈജു മത്സ്യബന്ധനത്തിനായി ഒരുക്കിയ വലയില്‍ പെട്ടുപോവുകയായിരുന്നു.

കുറച്ചകലെയുണ്ടായിരുന്ന മറ്റൊരു തോണിയിലുള്ളവരെത്തി മൂന്നുപേരെയും കരയ്ക്കെത്തിച്ചു. ഉടന്‍ തന്നെ മൂന്ന് പേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഷൈജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. നിഖിലയാണ് ഷൈജുവിന്റെ ഭാര്യ. പിതാവ്: ശ്രീധരന്‍, മാതാവ്: സുശീല. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News