റിട്ടയേര്‍ഡ് പോസ്റ്റ്മാനെ വീട്ടില്‍ കയറി കാൽ തല്ലിയൊടിച്ച കേസ്; അക്രമം അതിർത്തി തർക്കത്തിന്റെ പേരിൽ; ക്വട്ടേഷന്‍ സംഘം പിടിയിൽ
കോഴിക്കോട്: വടകര പുത്തൂരില്‍ റിട്ടയേര്‍ഡ് പോസ്റ്റ്മാനെയും മകനെയും രാത്രി വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ അഞ്ച് പേര്‍ പിടിയില്‍. ക്വട്ടേഷന്‍ സംഘമാണ് ഇവർക്കെതിരെ ആക്രമണം നടത്തിയത്. പുത്തൂര്‍ ശ്യാം നിവാസില്‍ മനോഹരന്‍ (58), വില്ല്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തല്‍ സുരേഷ് (49), കാഞ്ഞിരവള്ളി കുനിയില്‍ വിജീഷ് (42), പട്ടര്‍ പറമ്പത്ത് രഞ്ജിത്ത് (46), ചുണ്ടയില്‍ മനോജന്‍ (40) എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. അതിർത്തി തർക്കത്തിന്റെ പേരിലാണ് അയൽവാസി ക്വട്ടേഷന്‍ നൽകിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പുത്തൂര്‍ സ്വദേശിയും മുന്‍ പോസ്റ്റ്മാനുമായ പാറേമ്മല്‍ രവീന്ദ്രനെയും മകന്‍ ആദര്‍ശിനെയും സംഘം ആക്രമിച്ചത്. 10.45ഓടെ അക്രമി സംഘം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. മുഖം തിരിച്ചറിയാൻ സാധിക്കാത്ത വിധമാണ് സംഘം വീട്ടിലെത്തിയത്.
ഒരാൾ മുഖത്ത് കറുപ്പ് ചായം തേച്ചും രണ്ട് പേർ ഹെല്‍മെറ്റ് ധരിച്ചുമാണ് ആക്രമിച്ചതെന്ന് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. അച്ഛനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്നപ്പോഴാണ് ആദർശിനും മര്‍ദ്ദനമേറ്റത്. ആദര്‍ശിന് മര്‍ദ്ദനമേറ്റത്.
മനോഹരന്‍ എന്നയാളാണ് രവീന്ദ്രനെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് പോലീസ് പറയുന്നത്. ഇയാൾ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇരുവരും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. അഞ്ചംഗ സംഘം എത്തിയ ടാക്‌സി ജീപ്പ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
രവീന്ദ്രന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രവീന്ദ്രന്റെ ഇടതുകാലില്‍ പൊട്ടലുണ്ട്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പ് ചേര്‍ത്താണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.