ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ്ങില്‍ ഇളവ് നല്‍കി ഹൈക്കോടതി; തിരക്ക് നോക്കി തീരുമാനം എടുക്കാം; സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ചതോടെ തിരക്ക് കുറഞ്ഞു
ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ്ങില്‍ ഇളവ് നല്‍കി ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സ്പോട്ട് ബുക്കിങില്‍ ഇളവുനല്‍കി ഹൈക്കോടതി. സ്പോട്ട് ബുക്കിങ് എത്രപേര്‍ക്ക് നല്‍കണമെന്നത് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.
സ്പോട്ട് ബുക്കിങ് എത്ര വേണെന്നത് ഒരോ സമയത്തെയും തിരക്ക് നോക്കി തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശം. സ്പോട്ട് ബുക്കിങ് 5000 ആയി നിജപ്പെടുത്താന്‍ കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിലാണ് സാഹചര്യം അനുസരിച്ച് ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസര്‍ക്കും സന്നിധാനത്തെ ചുമതലയുളള എഡിജിപിക്കും ഉചിതമായ തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചത്.
സ്പോട്ട് ബുക്കിങ് പ്രതിദിനം 5,000 ആയി നിജപ്പെടുത്തിയതോടെ ശബരിമലയിലെ തിരക്ക് കുറഞ്ഞിരുന്നു. നിലവില്‍ ഓണ്‍ലൈന്‍ ബുക്കിങ് വഴി 70,000 പേരെയും സ്പോട്ട് ബുക്കിങ് വഴി 5,000 പേരെയുമാണ് പ്രതിദിനം കയറ്റിവിടുന്നത്. നിലവില്‍ പമ്പയില്‍ സ്പോട്ട് ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലയ്ക്കലാണ് സ്പോട്ട് ബുക്കിങ്ങുള്ളത്.