രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസ്: രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ജനുവരി ഒന്നിലേക്ക് മാറ്റി; പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കിയില്ല
ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ജനുവരി ഒന്നിലേക്ക് മാറ്റി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗകേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജനുവരി ഒന്നിലേക്ക് മാറ്റി. കേസില്‍ ഇന്നും പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
യുവതിയുടെ ഗര്‍ഭഛിദ്രത്തിന് ആവശ്യമായ മരുന്ന് എത്തിച്ചു നല്‍കിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ കോടതിയില്‍ ജോബി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ ആരോപണം നിഷേധിക്കുന്നുണ്ട്: യുവതി ആവശ്യപ്പെട്ട പ്രകാരമാണ് മരുന്ന് എത്തിച്ചത്. ആ മരുന്ന് എന്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലായിരുന്നു.
അതേസമയം, ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് യുവതിയുടെ ആരോഗ്യനില വഷളായതായും രണ്ട് ആശുപത്രികളില്‍ ചികിത്സ തേടിയതായും പോലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ മെഡിക്കല്‍ രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള ഇടക്കാല വിലക്ക് ഹൈക്കോടതി ജനുവരി ഏഴ് വരെ നീട്ടിയിട്ടുണ്ട്. തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം.
രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രിക്ക് ലഭിച്ച നേരിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. വരും ദിവസങ്ങളില്‍ ജോബി ജോസഫിന്റെ ഹര്‍ജിയില്‍ പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട് കേസില്‍ നിര്‍ണ്ണായകമാകും.