അര്‍ജുന് വേണ്ടി കര്‍ണാടക സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനം രാജ്യത്തിന് മാതൃക; കര്‍ണാടകയെ ആക്ഷേപിച്ചവരാണ് കേരള സര്‍ക്കാരെന്ന് കുറ്റപ്പെടുത്തിയും കെ സി വേണുഗോപാല്‍
അര്‍ജുന് വേണ്ടി കര്‍ണാടക സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനം രാജ്യത്തിന് മാതൃക
മലപ്പുറം: മലയാളിയായ അര്‍ജുന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ 71 ദിവസമായി നടത്തിയ രക്ഷാപ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയെ സാക്ഷിയാക്കിയാണ് നന്ദി അറിയിച്ചത്. കര്‍ണാടകയുടെ രക്ഷാ പ്രവര്‍ത്തനത്തെ ആക്ഷേപിച്ചവരാണ് കേരള സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആര്യാടന്‍ മുഹമ്മദിന്റെ രണ്ടാം ചരമവാര്‍ഷികദിനത്തില്‍ ഓര്‍മ്മയില്‍ ആര്യാടന്‍ അനുസ്മരണ സമ്മേളനവും മികച്ച പൊതുപ്രവര്‍ത്തകനുള്ള ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ ആര്യാടന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാല്‍. നിലമ്പൂരില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയാണു പുരസ്‌കാരം സമ്മാനിച്ചത്.
വര്‍ഗീയതക്കെതിരെ കര്‍ണാടകക്കും കേരളത്തിനും ഒരേ മനസാണെന്ന് സിദ്ധാരാമയ്യ പറഞ്ഞു. ജീവിതത്തിലുടനീളം മതേതര നിലപാടെടുത്ത ആര്യാടന്‍ മുഹമ്മദിന്റെ ജീവിതം യുവതലമുറ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ് കേരളത്തിന്റെ ശ്രീനാരായണ ഗുരുവും കര്‍ണാടകത്തിന്റെ ബസവണ്ണയും. ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്. ജാതി മതഭേദമില്ലാതെ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നാണ് ബസവണ്ണ പറഞ്ഞത്. മതേതര സംസ്‌ക്കാരമുള്ള കേരളത്തില്‍ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയര്‍ന്ന കെ.സി വേണുഗോപാലിന് ആര്യാടന്‍ പുരസ്‌ക്കാരം നല്‍കാന്‍ സാധിച്ചത് ഏറെ സന്തോഷം പകരുന്നതാണ്.
രാജ്യത്ത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന നേതാവാണ് കെ.സി വേണുഗോപാല്‍. 2018 താന്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഒരു മണ്ഡലത്തില്‍ക്കൂടി മനത്സരിക്കണമെന്ന് ഉപദേശിച്ചത് കെ.സി വേണുഗോപാലാണ്. അന്ന് താന്‍ ചാമുണ്ടേശ്വരിയില്‍ പരാജയപ്പെടുകയും ബദാമിയില്‍ വിജയിക്കുകയും ചെയ്തു. കെ.സിയുടെ ഉപദേശമാണ് തന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിമരുന്നതായത്.
സാമൂഹിക നീതിയും ജനക്ഷേമവും ലക്ഷ്യമിട്ട് കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കിയ അഞ്ച് ഗ്യാരണ്ടി പദ്ധിതിക്ക് പ്രേരണയായതും കെ.സി വേണുഗോപാലാണ്. ആര്യാടന്‍ ഷൗക്കത്തിന്റെ ക്ഷണപ്രകാരം അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനും കെ.സി വേണുഗോപാലിന് പുരസ്‌ക്കാരം നല്‍കാന്‍ സാധിച്ചതും അതീവ സന്തോഷം പകരുന്നതാണെന്നും സിദ്ധാരാമയ്യ പറഞ്ഞു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയ ആര്യാടന്‍ പുരസ്‌ക്കാരം കെ.സി വേണുഗോപാല്‍ ഏറ്റുവാങ്ങി. ഏറെ വൈകാരികവും മധുരതരവുമാണ് ആര്യാടന്റെ പേരിലുള്ള അവാര്‍ഡെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആധ്യക്ഷം വഹിച്ചു. ആര്യാടന്‍ തന്റെ രാഷ്ട്രീയ ഗുരുവാണെന്ന് സതീശന്‍ പറഞ്ഞു. ആര്യാടന്‍ മുഹമ്മദ് അനുസ്മരണ പ്രഭാഷണം മുന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എം.എല്‍.എ നിര്‍വ്വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പി.കെ കുഞ്ഞാലിക്കുട്ടി
ആര്യാടന്‍ മുഹമ്മദിന്റെ നിയമസഭയിലെ ബഡ്ജറ്റ് ചര്‍ച്ചകളിലെ പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തിയ 'ബജറ്റ് ചര്‍ച്ചകളുടെ നാള്‍വഴികള്‍' പുസ്തകം, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പി.കെ ബഷീര്‍ എം.എല്‍.എക്ക് നല്‍കി പ്രകാശനം ചെയ്തു.
ആര്യാടനെക്കുറിച്ച് പ്രമുഖര്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്ന 'ഓര്‍മ്മയില്‍ ആര്യാടന്‍ സ്മരണിക, എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിക്ക് നല്‍കി പ്രകാശനം ചെയ്തു. ആര്യാടനെക്കുറിച്ച് മകന്‍ ആര്യാടന്‍ ഷൗക്കത്ത് എഴുതിയ 'ഞങ്ങളുടെ കുഞ്ഞാക്ക നിങ്ങളുടെ ആര്യാടന്‍' എന്ന പുസ്തകം ബെന്നി ബെഹ്നാന്‍ എം.പി, ഷാഫി പറമ്പില്‍ എം.പിക്ക് നല്‍കി പ്രകാശനം ചെയ്തു.
ബെന്നി ബെഹ്നാന്‍ എം.പി, കെ.സി ജോസഫ്, എം.കെ രാഘവന്‍ എം.പി, എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഷാഫി പറമ്പില്‍ എം.പി, എ.ഐ.സി.സി സെക്രട്ടറി മന്‍സൂര്‍ അലിഖാന്‍, ഹംദുള്ള സയിദ് എം.പി, പി.കെ ബഷീര്‍ എം.എല്‍.എ, എന്‍.എ ഹാരിസ് എം.എല്‍.എ, ആര്‍.ചന്ദ്രശേഖരന്‍, ആര്യാടന്‍ ഷൗക്കത്ത്, വി.എസ് ജോയി, ആലിപ്പറ്റ ജമീല, പി.ടി അജയ്മോഹന്‍, സി.ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.
മതേതരത്വം ജീവിത വീക്ഷണമാക്കിയ നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മതേതരത്വത്തെ സംരക്ഷിക്കാന്‍ ജാതി, മത വിത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട സമയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആര്യാടന്‍ മുഹമ്മദിന്റെ രണ്ടാം ചരമവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി ആര്യാടന്‍ മുഹമ്മദ് അനുസ്മരണ സമിതിയും ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേനും ചേര്‍ന്ന് നിലമ്പൂരില്‍ നടത്തിയ 'മതനിരപേക്ഷ ഇന്ത്യയുടെ വര്‍ത്തമാനം' ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.
യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ ആധ്യക്ഷം വഹിച്ചു. വര്‍ഗീയതയുമായി ഒരിക്കലും സന്ധി ചെയ്യാത്ത നേതാവായിരുന്നു ആര്യാടനെന്ന് അദ്ദേഹം പറഞ്ഞു. മതേതരത്വത്തിന്റെ ആദ്യ രക്തസാക്ഷി ഗാന്ധിജിയാണ്. ആര്‍.എസ്.എസുമായി സി.പി.എം അടവുനയം പയറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. നെഹ്റീവിയന്‍ മതേതര നിലപാടുയര്‍ത്തിപ്പിടിച്ച് തൊഴിലാളികളെയും സാധാരണക്കാരെയും ചേര്‍ത്തുപിടിച്ച ഇതിഹാസ തുല്യനായ നേതാവായിരുന്നു ആര്യാടനെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്യാടന്റെ ജീവിതയാത്ര ഡോക്യുമെന്ററി എ.പി അനില്‍കുമാര്‍ എം.എല്‍.എ പ്രകാശനം ചെയ്തു. കെ.സി ജോസഫ്, എ.ഐ.സി.സി സെക്രട്ടറി മന്‍സൂര്‍ അലിഖാന്‍, വി.എം കരീം, ബാബു തോപ്പില്‍ പ്രസംഗിച്ചു.