ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതിന് ഹൈക്കോടതി സര്‍ക്കാരിനെ നിര്‍ത്തി പൊരിച്ചു; സര്‍ക്കാര്‍ സ്ത്രീകളോട് മാപ്പ് പറയണം: കെ.സുരേന്ദ്രന്‍

പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരം

Update: 2024-09-10 10:14 GMT

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതിന് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ സ്ത്രീകളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹൈക്കോടതി നിര്‍ദ്ദേശം പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. നാല് കൊല്ലം റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതിന് ഹൈക്കോടതി സര്‍ക്കാരിനെ നിര്‍ത്തി പൊരിച്ചു. സിനിമാ മേഖലയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ സ്ത്രീകളോടുമുള്ള വെല്ലുവിളിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയത്. ഇത്രയും സ്ത്രീവിരുദ്ധമായ സര്‍ക്കാര്‍ കേരളം ഭരിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഹേമ കമ്മിറ്റി പൂര്‍ണ റിപ്പോര്‍ട്ട് എസ്‌ഐടിക്ക് വിടാനുള്ള കോടതിയുടെ തീരുമാനം സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അപ്പീല്‍ കൊടുക്കാനുള്ള എസ്‌ഐടിയുടെ നീക്കം സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു. എസ്‌ഐടിയെ കൂട്ടിലിട്ട തത്തയാക്കാനായിരുന്നു തുടക്കം മുതല്‍ സര്‍ക്കാര്‍ ശ്രമിച്ചത്. വേട്ടക്കാരോടൊപ്പമാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു പിണറായി വിജയനും സംഘവും ചെയ്തത്. സിപിഎമ്മിന്റെ സ്ത്രീ സൗഹൃദ നിലപാടിലെ ഇരട്ടത്താപ്പ് ജനങ്ങള്‍ക്ക് ബോധ്യമായതായും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News