കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെത്തി; ഫോണ്‍ കണ്ടെത്തിയത് ഭിത്തിയില്‍ ഒളിപ്പിച്ച നിലയില്‍; കണ്ടെടുത്തത് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിതി രാത്രിയില്‍ നടത്തിയ പരിശോധനയില്‍; രണ്ടാഴ്ച മുന്‍പും ഫോണുകള്‍ കണ്ടെത്തിയിരുന്നു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഇ ഡിവിഷനിലെ 12-ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയിലൊളിപ്പിച്ച നിലയിലാണ് ഫോണ്‍ ലഭിച്ചത്. കഴിഞ്ഞ രാത്രിയിലുണ്ടായ പരിശോധനയിലാണ് ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ ഫോണ്‍ പിടികൂടിയത്.
അഞ്ചുദിവസം മുമ്പ് അന്വേഷണ സമിതി ജയിലിലെ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിനു പിന്നാലെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയുടെ സമിതിയുടെ പരിശോധനയ്ക്കുശേഷമാണ് വീണ്ടും ഫോണ്‍ കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കകം ഇതാദ്യമായല്ല മൊബൈല്‍ പിടികൂടുന്നത്. നേരത്തെ മൂന്നു ഫോണുകളും ചാര്‍ജറുകളും ഇയര്‍ഫോണുകളും വിവിധ ബ്ലോക്കുകളില്‍ നിന്നും കല്ലിനടിയിലും കുളിമുറികളിലും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഗോവിന്ദച്ചാമി ജയിലില്‍ മൊബൈല്‍ ഉപയോഗം വ്യാപകമാണെന്ന് പൊലീസിനോട് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് പരിശോധനകള്‍ ശക്തമാക്കിയത്. ജയിലിലെ സുരക്ഷയും നിയന്ത്രണവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സമഗ്രപരിഷ്‌ക്കാരമാണ് വേണ്ടതെന്ന് സമിതി അധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. പുതിയതായി കണ്ടെത്തിയ മൊബൈല്‍ സംബന്ധിച്ച് സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.