രാത്രികാലത്ത് ലോറികൾ തടഞ്ഞ് പരിശോധന; പിഴ ചുമത്തുന്ന രീതിയിൽ പണം തട്ടും; ആർടിഒ ഉദ്യോസ്ഥൻ ചമഞ്ഞ് പണപ്പിരിവ് നടത്തിയത് ഗൂഗിൾ പേയിലൂടെ; കാഞ്ഞിരംകുളത്തുകാരൻ രതീഷ് പിടിയിൽ
തിരുവനന്തപുരം: ആർ ടി ഒ ഉദ്യോഗസ്ഥനെന്ന് വ്യാജേന വാഹനങ്ങളിൽ പരിശോധന നടത്തി പണം തട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സ്വദേശി രതീഷ് (37) ആണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
രാത്രികാലങ്ങളിൽ ബൈപ്പാസ് റോഡുകളിൽ ലോറികൾ തടഞ്ഞ് ആർ ടി ഒ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന പരിശോധനകൾ നടത്തിയിരുന്നു. വിഴിഞ്ഞം തുറമുഖത്തേക്ക് വരികയായിരുന്ന വാഹനങ്ങളിലും ഇയാൾ പരിശോധന നടത്തിയതായി കണ്ടെത്തി. പിഴയിടുന്നു എന്ന് പറഞ്ഞ് വാഹന ഉടമകളിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ രീതി.
ഈ മാസം 14-ന് ഒരു കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞ് പണം പിരിച്ചെടുത്തെന്നും, അന്ന് മാത്രം രതീഷിന്റെ അക്കൗണ്ടിലേക്ക് 37,000 രൂപ എത്തിയതായും ബാങ്ക് രേഖകളിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗൂഗിൾ പേ വഴിയാണ് ഇയാൾ പണം സ്വീകരിച്ചിരുന്നത്. മുൻപ് പാറശാല ആർ ടി ഒ ഓഫീസിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നതായി പറയപ്പെടുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.