സംസ്ഥാനത്ത് വീണ്ടും എംപോക്സ് ഭീതി; രോഗം സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിക്ക്; ജാഗ്രത നിർദ്ദേശവുമായി അധികൃതർ; ജനങ്ങൾ ആശങ്കയിൽ
തിരുവനന്തപുരം: വീണ്ടും ആശങ്ക ഉണർത്തി കേരളത്തിൽ എംപോക്സ് ഭീതി. ഇപ്പോൾ സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചിരിക്കുകയാണ്. എറണാകുളം സ്വദേശിയായ യുവാവിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇയാൾ ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വിദേശത്ത് നിന്നും വന്ന യുവാവിനാണ് രോഗം ബാധിച്ചിരിക്കുന്നത്. നേരത്തെ യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ 38 വയസുകാരനായ യുവാവിനാണ് എംപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്.
പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് ആദ്യം ഇയാളെ നിരീക്ഷണത്തിൽ ആക്കിയത്. തുടര്‍ന്ന് എംപോക്സ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഇതിനിടെ രാജ്യത്ത് ആദ്യമായി കേരളത്തിലാണ് 'എം പോക്സ്' വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്കാണ് ക്ലേഡ് 1 സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.