കണ്ടെത്തിയത് അരുണാചൽ പ്രദേശിലെ ഉൾക്കാടുകളിൽ നിന്ന്; പുതിയ തവളയിനത്തിന് അന്തരിച്ച പത്രപ്രവർത്തകൻ സോമനാഥിന്റെ പേര്; പ്രകൃതിയോടുള്ള സ്നേഹത്തിന്റെ അംഗീകാരമെന്ന് ഗവേഷകർ

Update: 2026-01-09 13:12 GMT

കോഴിക്കോട്: അരുണാചൽ പ്രദേശിലെ ഉൾവനങ്ങളിൽനിന്ന് കണ്ടെത്തിയ പുതിയ തവളയിനത്തിന് അന്തരിച്ച മുതിർന്ന പത്രപ്രവർത്തകൻ ഇ. സോമനാഥിന്റെ പേര് നൽകും. 'ലെപ്റ്റോബ്രാച്ചിയം സോമാനി' (Leptobrachium somani) എന്നാണ് പേര് നൽകിയിരിക്കുന്നത്. പരിസ്ഥിതി വിഷയങ്ങളിലുള്ള സോമനാഥിന്റെ മൂല്യവത്തായ റിപ്പോർട്ടിങ്ങിനും പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ആഴമേറിയ സ്നേഹത്തിനും അംഗീകാരമായാണ് ഈ പേരെന്ന് ഗവേഷകർ അറിയിച്ചു.

ഉഭയജീവി ഗവേഷകനും മലയാളിയുമായ ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് വർഷത്തിലേറെ നീണ്ട വിപുലമായ പര്യവേഷണങ്ങൾക്കൊടുവിൽ രണ്ട് പുതിയ തവളവർഗ്ഗങ്ങളെ കണ്ടെത്തിയത്. മലയാള മനോരമയുടെ മുൻ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്ന ഇ. സോമനാഥ് 2022 ജനുവരി 28-നാണ് അന്തരിച്ചത്. രാഷ്ട്രീയം, പരിസ്ഥിതി ഉൾപ്പെടെയുള്ള മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം.

അരുണാചൽ പ്രദേശിലെ തിവാരിഗാവിൽ നിന്നാണ് ലെപ്റ്റോബ്രാച്ചിയം സോമാനിയെ കണ്ടെത്തിയത്. ഏകദേശം 55 മില്ലിമീറ്റർ നീളമുള്ള ഈ തവളയ്ക്ക് ക്രമരഹിതമായ ഇളം ചാരനിറത്തിലുള്ള പാറ്റേണുകളും വെള്ളി-ചാരനിറം മുതൽ തവിട്ടുനിറം വരെയുള്ള ശരീരവും ഇളം നീല നിറമുള്ള കണ്ണുകളുമുണ്ട്. നിത്യഹരിതവനങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്, ആൺതവളകൾ സാധാരണയായി അരുവികളുടെ തീരങ്ങളിൽനിന്ന് ശബ്ദമുണ്ടാക്കാറുണ്ട്.

ഗവേഷകർ കണ്ടെത്തിയ രണ്ടാമത്തെ പുതിയ ഇനം 'ലെപ്റ്റോബ്രാച്ചിയം മെച്ചുക' (Leptobrachium mechuka) ആണ്. ഏകദേശം 60 മില്ലിമീറ്റർ നീളമുള്ള ഈ തവളയെ ആദ്യമായി കണ്ടെത്തിയ അരുണാചൽ പ്രദേശിലെ മെച്ചുക എന്ന ചെറിയ പട്ടണത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. നിത്യഹരിതവനങ്ങളിലും പുൽമേടുകളിലുമായി കാണപ്പെടുന്ന ഈ തവളയ്ക്ക് ചുവപ്പ് കലർന്ന തവിട്ടുനിറമുള്ള ശരീരവും വെള്ളി-വെളുത്ത നിറമുള്ള കണ്ണുകളുമുണ്ട്. ഈ ഇനം അടുത്തിടെ ചൈനയിൽ തെറ്റായ തിരിച്ചറിയലോടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

രണ്ട് പുതിയ സ്പീഷീസുകളും വ്യത്യസ്തമായ പരിണാമപരമായ പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് ഒന്നിലധികം തെളിവുകളിലൂടെ സ്ഥിരീകരിച്ചതായി പ്രൊഫ. ബിജു വ്യക്തമാക്കി. ബ്രഹ്മപുത്ര നദി പോലുള്ള നദീതട തടസ്സങ്ങൾ, ഈ നേർത്ത കൈകളുള്ള തവളകളുടെ ഭൂമിശാസ്ത്രപരമായ വിതരണത്തെയും വൈവിധ്യവൽക്കരണ രീതികളെയും സ്വാധീനിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News