അമ്പലമുക്ക് വിനിത കൊലക്കേസ്: പ്രതിയുടെ കുറ്റവാസന തെളിയിക്കാന്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കും

കൂടുതല്‍ സാക്ഷികളെ വിസ്തരിക്കും

Update: 2024-10-05 16:23 GMT

തിരുവനന്തപുരം: പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനിയുമായ വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ കുറ്റവാസനയും സ്വഭാവ വൈകല്യവും തെളിയിക്കാന്‍ 13 സാക്ഷികളെ കൂടുതലായി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചു. അഞ്ചാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചത്.

കേസിലെ പ്രതിയും കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശിയുമായ രാജേന്ദ്രന്റെ സ്വഭാവ വൈകല്യവും കുറ്റവാസനയും തെളിയിക്കാന്‍ പ്രതി വിനീതയെ കൊലപ്പെടുത്തുന്നതിന് തൊട്ട് മുന്‍പ് നടത്തിയ മൂന്ന് കൊലപാതക കേസുകള്‍ അന്വേഷിച്ച തമിഴ്നാട്ടിലെ ക്രൈയിംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരെയും, ഫോറന്‍സിക് വിദഗ്ദരെയും വിസ്തരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

തിരുനെല്‍വേലി ആരല്‍വാമൊഴി വെളളമഠം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, മകള്‍ 13 കാരി അഭിശ്രീ എന്നിവരെ 2015ല്‍ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് പ്രതി ഹോട്ടല്‍ ജോലിക്കായി പേരൂര്‍ക്കട എത്തിയത്.കോവിഡ് നിയന്ത്രണങ്ങള്‍ ഉളള സമയം അലങ്കാരച്ചെടി വില്‍പ്പന കേന്ദ്രത്തിന് മുന്നിലൂടെ പോയ പ്രതി വിനീതയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല കവരുന്നതിനാണ് കൊലപാതകം നടത്തിയത്. 2022 ഫെബ്രുവരി ആറിന് പകല്‍ 11.50 നായിരുന്നു കൊലപാതകം.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.

Tags:    

Similar News