വസ്തുതകളിൽ അതിശയോക്തി കലർത്തുന്നത് ശരിയല്ല; അത് പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും നല്ല രീതിയിൽ ബാധിക്കും; യുദ്ധ വാർത്തകളിൽ പ്രതികരിച്ച് മുഖ്യമന്ത്രി

Update: 2026-03-05 13:32 GMT

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ അതിശയോക്തി കലർത്താതെയും അതീവ ജാഗ്രതയോടെയും നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം വാർത്തകൾ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും ആശങ്കയിലാഴ്ത്തുമെന്നും, ഔദ്യോഗിക സഹായ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മാധ്യമ മേധാവികളുമായി ഓൺലൈനിൽ നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.

സംസ്ഥാനത്തെ മിക്കവാറും എല്ലാ കുടുംബങ്ങൾക്കും ഗൾഫ് രാജ്യങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ട്. അതിനാൽ, അവിടുത്തെ സംഘർഷവാർത്തകൾ നാട്ടിലുള്ള കുടുംബങ്ങളിൽ അനാവശ്യ ഭയവും ആശങ്കയും വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓരോ വാർത്തയും അതീവ ഗൗരവത്തിലും അവധാനതയിലും നൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ദൃശ്യ, അച്ചടി, ഓൺലൈൻ മാധ്യമങ്ങൾ അത്യന്തം ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട നിർണായക സമയമാണിതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വസ്തുതകളിൽ അതിശയോക്തി കലർത്തുന്നത് പല രീതിയിൽ പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും ബാധിക്കും. അതിനാൽ, വസ്തുതകൾ ചോർന്നു പോകാതെ ഔദ്യോഗിക സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാകണം വാർത്തകൾ നൽകേണ്ടത്. വാർത്തകളുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങളോ സമൂഹമാധ്യമങ്ങളിലെ അഭ്യൂഹങ്ങളോ വാർത്തയായി പ്രചരിപ്പിക്കാൻ ഒരു കാരണവശാലും ഇടവരരുത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസികൾ, ബന്ധപ്പെട്ട രാജ്യങ്ങളുടെ ഔദ്യോഗിക അറിയിപ്പുകൾ തുടങ്ങിയ വിശ്വസനീയമായ ഉറവിടങ്ങളെ അടിസ്ഥാനമാക്കി മാത്രമേ വാർത്തകൾ നൽകാവൂ എന്നും മുഖ്യമന്ത്രി കർശന നിർദേശം നൽകി.

‘ബ്രേക്കിംഗ് ന്യൂസ്’ നൽകുന്നതിലെ മത്സരത്തിന്റെ പേരിൽ വസ്തുതാപരമായ തെറ്റുകൾ സംഭവിക്കുന്ന സാഹചര്യം ഒഴിവാക്കാൻ നേതൃതലത്തിൽ ഇടപെടൽ ഉണ്ടാകണം. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ, തീപിടുത്തങ്ങൾ, സ്ഫോടനങ്ങൾ തുടങ്ങിയ സംഭവങ്ങൾ അതിരൂക്ഷമായും ഭീതിയുണർത്തുന്ന രീതിയിലും അവതരിപ്പിക്കുന്നത് പ്രവാസി കുടുംബങ്ങളിൽ അനാവശ്യമായ ഭയം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സംഘർഷത്തിന്റെ യഥാർത്ഥ വ്യാപ്തി കൃത്യമായി വിശദീകരിക്കുന്ന സമതുലിതമായ വാർത്താ അവതരണത്തിനാണ് മാധ്യമങ്ങൾ പ്രാധാന്യം നൽകേണ്ടത്.

Tags:    

Similar News