'മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം; സൈബര്‍ ആക്രമണം കാരണം ആത്മഹത്യ ചെയ്യേണ്ട അവസ്ഥ': മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Update: 2024-10-08 17:09 GMT

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലെ അപവാദ പ്രചാരണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി ലോറി ഉടമ മനാഫ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനാഫ് മുഖ്യമന്ത്രിയെ സമീപിച്ചത്. യൂട്യൂബ് ചാനലുകളിലെ വിദ്വേഷ വിഡിയോകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.

മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിലുണ്ട്. അതിനിടെ അര്‍ജുന്റെ കുടുംബം സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയില്‍ നിന്നും മനാഫിനെ ഒഴിവാക്കും. ചേവായൂര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ മനാഫിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. തുടര്‍ന്നാണ് എഫ്ഐആറില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.

സൈബര്‍ ആക്രമണം കാരണം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടി വേണം എന്നാവശ്യപ്പെട്ടാണ് മനാഫ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.

അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം കുടുംബാംഗങ്ങള്‍ മനാഫിനെതിരെ ചില ആരോപണങ്ങളുമായി മുന്നോട്ടുവന്നിരുന്നു. എന്നാല്‍ വൈകാതെ മനാഫ് അവരുമായി സംസാരിച്ച് തെറ്റിദ്ധാരണകള്‍ പരിഹരിച്ചിരുന്നു. എന്നാല്‍ അര്‍ജുന്റെ കുടുംബത്തിനും മനാഫിനും നേരെയുള്ള സൈബര്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നും കത്തില്‍ മനാഫ് പറയുന്നു. വര്‍ഗീയ പ്രചാരണങ്ങളടക്കം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാണിച്ചാണ് മനാഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

Tags:    

Similar News