ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ കൂറ്റന്‍ പാറക്കല്ല് റോഡില്‍ പതിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്; ഇടുക്കിയില്‍ കനത്ത മഴ, ഓറഞ്ച് അലേര്‍ട്ട്

തോടില്‍ക്കൂടി ഉരുണ്ടെത്തിയ കല്ല് റോഡിന്റെ മധ്യഭാഗത്തേക്ക് വീഴുകയായിരുന്നു

Update: 2024-11-02 17:59 GMT

ഇടുക്കി: ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ കൂറ്റന്‍ പാറക്കല്ല് റോഡിലേയ്ക്ക് പതിച്ചു. ഈ സമയം യാത്രികരാരും എത്താതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വേലത്തുശ്ശേരിക്ക് സമീപമാണ് റോഡിലേക്ക് വലിയ പാറക്കല്ല് ഉരുണ്ട് വീണത്. പാറക്കല്ലിന് എട്ടടിയോളം ഉയരമുണ്ട്. റോഡിന്റെ മുകള്‍ വശത്തെ തോടില്‍ക്കൂടി ഉരുണ്ടെത്തിയ കല്ല് റോഡിന്റെ മധ്യഭാഗത്തേക്ക് വീഴുകയായിരുന്നു. സംഭവസമയത്ത് റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

റോഡിലേക്ക് കൂറ്റന്‍ പാറ വീണതിനെ തുടര്‍ന്ന് ഒരുമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇതേതുടര്‍ന്നുണ്ടായ വെള്ളമൊഴുക്കില്‍ അടിയിലെ മണ്ണ് ഇളകി കല്ല് ഉരുണ്ടെത്തിയതാകാമെന്നാണ് നിഗമനം. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസിന്റെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ 11 മണിയോടെ പാറക്കല്ല് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇതേതുടര്‍ന്നുണ്ടായ വെള്ളമൊഴുക്കില്‍ അടിയിലെ മണ്ണ് ഇളകി കല്ല് ഉരുണ്ടെത്തിയതാകാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് പറഞ്ഞു.

മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ ശനി രാത്രി ഏഴ് മണി മുതല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് ആറോടെ ഹൈറേഞ്ച് മേഖലയില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ഇടിയോട് കൂടിയ കനത്ത മഴയാണ് പലയിടത്തും പെയ്തത്. രാത്രിയും പലയിടങ്ങളിലും മഴ തുടരുകയാണ്.

Tags:    

Similar News