റോഡ് മുറിച്ച് കടക്കവേ അപകടം; കുതിച്ചെത്തിയ പിക്കപ്പ് വാൻ ഇടിച്ച് വയോധികന് ദാരുണാന്ത്യം; നിർത്താതെ പോയ വണ്ടി കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-11-15 09:56 GMT
കൊല്ലം: ചടയമംഗലത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്ന വയോധികനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ച് ദാരുണാന്ത്യം. ചടയമംഗലം നെട്ടേത്തറ സ്വദേശി ബഷീർ (72) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.
നെട്ടേത്തറയിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ബഷീറിനെ അമിത വേഗതയിലെത്തിയ പിക്കപ്പ് വാൻ ഇടിച്ചത്. അപകടത്തെ തുടർന്ന് ബഷീറിന് ഗുരുതരമായി പരിക്കേൽക്കുകയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നു. അപകടശേഷം വാഹനം നിർത്താതെ ഓടിച്ചു പോകുകയായിരുന്നു.
അപകടത്തിൽപ്പെട്ട വാഹനം കണ്ടെത്താനുളള അന്വേഷണം ചടയമംഗലം പോലീസ് ഊർജ്ജിതമാക്കി. മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.