സിപിഎമ്മിന്റെ പ്രധാന വരുമാനമാര്‍ഗം ലഹരികടത്തും വില്‍പ്പനയും: കേസില്‍ നിന്നൂരാന്‍ നേതൃത്വത്തിന്റെ ഇടപെടലും: പത്തനംതിട്ട ജില്ലയില്‍ സിപിഎം-ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ലഹരി മാഫിയയെ വളര്‍ത്തുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ്

Update: 2024-11-03 06:01 GMT

പത്തനംതിട്ട: ജില്ലയില്‍ സിപിഎം-ഡിവൈഎഫ് ഐ നേതൃത്വത്തില്‍ ലഹരി മാഫിയയെ വളര്‍ത്തുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ്. പണവും വരുമാനവും ആഡംബര ജീവിതവും ലക്ഷ്യമിടുന്ന യുവാക്കളെ യുവജനസംഘടനകളിലേക്ക് ആകര്‍ഷിച്ച് ലഹരി കാരിയര്‍മാര്‍ ആക്കി മാറ്റുന്നു. പിടിക്കപ്പെട്ടാല്‍ ഇവര്‍ തന്നെ ഇറക്കി കൊണ്ടു പോരുകയും ചെയ്യുന്നതിനാല്‍ സിപിഎമ്മിലേക്കും ഡിവൈഎഫ്ഐയിലേക്കും ഇത്തരക്കാരുടെ ഒഴുക്കാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം അടൂര്‍ പറക്കോട് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുടെ ജന്മദിനാഘോഷം ലഹരി മാഫിയയില്‍പ്പെട്ട പ്രതികളുമായി ചേര്‍ന്ന് നടത്തിയത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു വിജയ്. സംസ്ഥാനത്ത് ഇതു വരെ പിടിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും വലിയ എംഡിഎംഎ കേസിലെ പ്രതി രാഹുല്‍, തമിഴ്നാട്ടില്‍ 105 കിലോ കഞ്ചാവുമായി പിടിയിലായ അജ്മല്‍, നിരവധി കാപ്പ കേസ് പ്രതികള്‍ എന്നിവരാണ് ജന്മദിനാഘോഷത്തിന് മുന്നിട്ടു നിന്നത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അനന്തു മധുവും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

നിയമസംവിധാനങ്ങളെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ടാണ് ഇത്തരം ആഘോഷങ്ങള്‍ നാടുനീളെ നടക്കുന്നത്. ലഹരിവില്‍പ്പനയും ഗുണ്ടായിസവും കണ്ട് പോലീസും എക്സൈസും കണ്ണടയ്ക്കുന്നു. ഇതിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തും. സംസ്ഥാന തലത്തില്‍ സമരപരിപാടികള്‍ വ്യാപിപ്പിക്കുമെന്നും വിജയ് പറഞ്ഞു.

Tags:    

Similar News