കരിമ്പ് ജ്യൂസ് ഉണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ കൈകുടുങ്ങി; വില്‍പ്പനക്കാരിയുടെ അഞ്ച് വിരലുകളും അറ്റുപോയി

കരിമ്പ് ജ്യൂസ് ഉണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ കൈകുടുങ്ങി; വില്‍പ്പനക്കാരിയുടെ അഞ്ച് വിരലുകളും അറ്റുപോയി

Update: 2024-11-08 03:22 GMT

കൊല്ലങ്കോട്: കരിമ്പ് ജ്യൂസ് ഉണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ കൈകുടുങ്ങി വഴിയോര വില്പനക്കാരിയുടെ അഞ്ച് വിരലുകളും അറ്റുപോയി. കൊല്ലങ്കോട് പൊരിച്ചോളം വീട്ടില്‍ ഉമാമഹേശ്വരിയുടെ ഇടതുകൈയിലെ വിരലുകളാണ് പൂര്‍ണമായും നഷ്ടപ്പെട്ടത്. തുന്നിച്ചേര്‍ക്കാന്‍ കഴിയാത്തവിധം വിരലുകള്‍ അറ്റുപോവുക ആയിരുന്നു. കൊല്ലങ്കോട്-പുതുനഗരം പ്രധാനപാതയിലെ വടവന്നൂര്‍ കല്യാണമണ്ഡപത്തിനു സമീപം വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.

ജ്യൂസെടുക്കാനായി യന്ത്രം പ്രവര്‍ത്തിച്ചുതുടങ്ങിയ സമയം വസ്ത്രത്തിന്റെ ഷാള്‍ യന്ത്രത്തില്‍ കുടുങ്ങുകയും ഇതിനൊപ്പം കൈ യന്ത്രത്തിനകത്തേക്ക് പെടുകയുമായിരുന്നു. ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ ഉമാമഹേശ്വരിയെ ആദ്യം കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്, തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

യന്ത്രത്തില്‍ മുറിഞ്ഞുകിടന്ന വിരലുകള്‍ പിന്നീട് പുറത്തെടുത്ത് ഐസ് പെട്ടിയില്‍ സൂക്ഷിച്ച് മറ്റൊരു ആംബുലന്‍സില്‍ തൃശ്ശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വിരലുകള്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്തവിധം ചതഞ്ഞു പോയിരുന്നു. ഇതേത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയശേഷം യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ജോലിസമയത്ത് സാധാരണ വസ്ത്രത്തിനുമേല്‍ ഓവര്‍ക്കോട്ട് ധരിച്ച് യന്ത്രം പ്രവര്‍ത്തിപ്പിക്കാറുള്ള ഉമാമഹേശ്വരി വ്യാഴാഴ്ച രാവിലെ കോട്ടുധരിക്കുന്നതിനുമുന്‍പാണ് അപകടമുണ്ടായത്.

വില്പനകേന്ദ്രം തുറന്നയുടന്‍, തിരക്കുപിടിച്ചുവന്ന ഒരാള്‍ക്ക് ജ്യൂസ് നല്‍കാനായി കോട്ട് ധരിക്കാതെ യന്ത്രം പ്രവര്‍ത്തിപ്പിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊല്ലങ്കോട് പട്ടണത്തില്‍ ഓട്ടോഡ്രൈവറായ ഉദയകുമാറിന്റെ ഭാര്യയാണ് ഉമാമഹേശ്വരി. നേരത്തേ, പൊള്ളാച്ചി റോഡില്‍ നെടുമണിക്കുസമീപം പ്രവര്‍ത്തിച്ചിരുന്ന വില്പനകേന്ദ്രം രണ്ടരമാസംമുന്‍പാണ് വടവന്നൂരിലേക്ക് മാറ്റിസ്ഥാപിച്ചത്.

കരിമ്പ് ജ്യൂസ് യന്ത്രം, വിരല്‍ അറ്റു,വില്‍പ്പനക്കാരി, fingers

Tags:    

Similar News