ജുഡീഷ്യല്‍ കമ്മീഷന്‍ ശാശ്വതമായ പരിഹാരം കാണാന്‍; മുനമ്പത്ത് കൈവശാവകാശമുള്ള ആരെയും കുടിയിറക്കില്ലെന്ന് മന്ത്രി പി. രാജീവ്
മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്ന് പി. രാജീവ്
തിരുവനന്തപുരം: മുനമ്പത്ത് കൈവശാവകാശമുള്ള ആരെയും കുടിയിറക്കില്ലെന്ന് മന്ത്രി പി. രാജീവ്. വിഷയത്തില്‍ ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യല്‍ കമ്മീഷന്‍ എന്ന തീരുമാനത്തിലേക്ക് എത്തിയത്. സങ്കീര്‍ണമായ വിഷയമായതിനാല്‍ സര്‍ക്കാരിന് ഒറ്റക്ക് പരിഹാരം കാണാന്‍ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പി. രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'കൈവശാവകാശക്കാരുടെ നിയമപരമായ അവകാശം സംരക്ഷിക്കാനുള്ള ശാശ്വതമായ പരിഹാരം എന്ന നിലയ്ക്കാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനെയാണ് കമ്മീഷനായി കൊണ്ടുവരിക. ഇതിനിടയില്‍ ഒരു തുടര്‍നടപടിയുമുണ്ടാവില്ല. ആരെയും ഇറക്കിവിടില്ല. പുതിയ നോട്ടീസുകള്‍ നല്‍കില്ല. കൊടുത്ത നോട്ടീസില്‍ മറ്റ് നടപടികളുണ്ടാവില്ല. ഗവര്‍മെന്റിന്റെ നിര്‍ദേശങ്ങള്‍ വഖഫ് ബോര്‍ഡ് അംഗീകരിച്ചു', മന്ത്രി വ്യക്തമാക്കി.
'ഈ വിഷയവുമായി ബന്ധപ്പെട്ട് ഏകദേശം ഒന്‍പത് കേസുകള്‍ ഹൈക്കോടതിയില്‍ നടക്കുകയാണ്. ഇത്തരത്തില്‍ ഒരുപാട് സങ്കീര്‍ണതകളുണ്ട്. സര്‍ക്കാരിന് ഒറ്റയടിക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ല. ശാശ്വതമായി പരിഹാരത്തിനാണ് ശ്രമിക്കുന്നത്. പെട്ടെന്ന് തന്നെ റിപ്പോര്‍ട്ട് തരാന്‍ കമ്മീഷനോട് ആവശ്യപ്പെടും. കരം അടയ്ക്കാന്‍ ഭൂവുടമകളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ റിട്ട് പെറ്റീഷന്‍ നല്‍കും.
സര്‍ക്കാര്‍ നികുതി അടക്കാന്‍ അനുമതി നല്‍കിയപ്പോള്‍ കോടതി അത് തടഞ്ഞു. അതിനാല്‍ ആര്‍ക്കും ചോദ്യം ചെയ്യാനാകാത്ത പരിഹാരത്തിനാണ് ശ്രമിക്കുന്നത്'. പുതിയ തീരുമാനങ്ങള്‍ മുഖ്യമന്ത്രി തന്നെ സമരക്കാരെ അറിയിക്കുമെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി.