'നവതി പിന്നിട്ടപ്പോള്‍ വീട്ടിലെത്തി കണ്ടു; ബൈബിളും പേനയും സമ്മാനമായി കൊടുത്തു; എം.ടിയുടെ ഒരു ചെറുകഥയുടെ പേരുപോലെ 'ഒരു പിറന്നാളിന്റെ ഓര്‍മയ്ക്ക്'; എം ടിയെ അനുസ്മരിച്ച് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍

എം ടിയെ അനുസ്മരിച്ച് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍

Update: 2024-12-26 09:22 GMT

കോഴിക്കോട്: കാലത്തെ അതിജീവിച്ചു നില്കുന്ന അക്ഷരങ്ങളാണ് എം.ടിയുടേതെന്ന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍. ഭാഷയുള്ളിടത്തോളം അവയ്ക്ക് മരണമില്ല. വായനയെ ഇഷ്ടപ്പെടുന്ന ആരെയും എന്നപോലെ എം.ടി എന്റെയും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു.

മഹാഭാരതത്തെ തന്റേതായ കണ്ണിലൂടെ കണ്ട് അദ്ദേഹം ഭീമനെ നായകസ്ഥാനത്തേക്കുയര്‍ത്തിയപ്പോള്‍ എം.ടി എന്ന പ്രതിഭയ്ക്ക് മുന്നില്‍ പ്രണമിക്കാന്‍ തോന്നിയിട്ടുണ്ടെന്നും മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ പറഞ്ഞു. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് അദേഹം എംടിയെ അനുസ്മരിച്ചത്. നവതി പിന്നിട്ടപ്പോള്‍ കോഴിക്കോട് അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും ബൈബിളും പേനയും സമ്മാനമായി കൊടുത്തെന്നും അദേഹം കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

'എം.ടി.വാസുദേവന്‍ നായര്‍ എന്ന അധ്യായം മലയാളത്തിന്റെ സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായവയിലൊന്നാണ്. ഒരിക്കലും വായിച്ചുതീര്‍ക്കാനാകാത്തതുമാണ്. കാലത്തെ അതിജീവിച്ചു നില്കുന്ന അക്ഷരങ്ങളാണ് എം.ടിയുടേത്. ഭാഷയുള്ളിടത്തോളം അവയ്ക്ക് മരണമില്ല. വായനയെ ഇഷ്ടപ്പെടുന്ന ആരെയും എന്നപോലെ എം.ടി എന്റെയും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. വള്ളുവനാട് എന്ന ഭൂമിക അദ്ദേഹത്തിന്റെ രചനകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പരിചിതമായത് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഏകാകിയായ ഒരു യുവാവിന്റെ ആന്തരികസംഘര്‍ഷങ്ങള്‍ നിറഞ്ഞ അക്ഷരസമാഹാരങ്ങളായാണ് അവ അനുഭവപ്പെട്ടത്. പക്ഷേ എന്നെ അദ്ഭുതപ്പെടുത്തിയത് രണ്ടാമൂഴമായിരുന്നു. മഹാഭാരതത്തെ തന്റേതായ കണ്ണിലൂടെ കണ്ട് അദ്ദേഹം ഭീമനെ നായകസ്ഥാനത്തേക്കുയര്‍ത്തിയപ്പോള്‍ ആ പ്രതിഭയ്ക്ക് മുന്നില്‍ പ്രണമിക്കാന്‍ തോന്നിയിട്ടുണ്ട്. എം.ടിയുടെ സൃഷ്ടികളിലൂടെ സഞ്ചരിക്കുമ്പോള്‍ അതിന്റെ ആത്മീയമായ തലങ്ങളിലേക്കാണ് മനസ്സ് പോകാറുള്ളത്.കാലങ്ങളായി ആഗ്രഹിക്കുന്നതായിരുന്നു അദ്ദേഹവുമായുള്ള കൂടിക്കാഴ്ച. നവതി പിന്നിട്ടപ്പോള്‍ കോഴിക്കോട് അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടു. ബൈബിളും പേനയും സമ്മാനമായി കൊടുത്തു. എം.ടിയുടെ ഒരു ചെറുകഥയുടെ പേരുപോലെ 'ഒരു പിറന്നാളിന്റെ ഓര്‍മയ്ക്ക്'. അന്ന് പ്രായത്തിന്റെ അവശതകളേതുമില്ലാതെയാണ് അദ്ദേഹം സംസാരിച്ചത്. ആത്മീയതയും സാഹിത്യവും മനുഷ്യരാശിയുടെ ഭാവിയുമെല്ലാം ഞങ്ങളുടെ സംഭാഷണത്തില്‍ കടന്നുവന്നു. തൊണ്ണൂറാംവയസ്സിലും അദ്ദേഹം ലോകത്തിന്റെ ഏറ്റവും പുതിയ സ്പന്ദനങ്ങള്‍ പോലും അറിയുന്നുവെന്നത് അതിശയകരമായ കാഴ്ചയായിരുന്നു. കാലാതിവര്‍ത്തിയായ കഥകളുടെ സ്രഷ്ടാവിന് ആദരാഞ്ജലി. അദ്ദേഹത്തിന്റെ ആത്മാവിനായി പ്രാര്‍ഥനകള്‍'

Tags:    

Similar News